0 Comments

 

അമേരിക്കൻ ഇലക്ട്രിക് വാഹന പ്രമുഖനായ ഫിസ്‍കര്‍ ഇന്‍ക് ഇന്ത്യയിലേക്കെത്തുന്നു. കമ്പനിയുടെ പുത്തൻ വാഹനമായ ഓഷ്യൻ ഇ-എസ്‌യുവി ആണ് ഇന്ത്യന്‍ വിപണിയിലെത്തുന്നത്. ഈ വാഹനത്തെ 2020 CES ഷോയില്‍ അവതരിപ്പിച്ചിരുന്നു. അതേസമയം 2021 ല്‍ യുഎസിലും 2022 ല്‍ യൂറോപ്പിലും ചൈനയിലും വില്‍പ്പന ആരംഭിക്കും. തുടര്‍ന്ന് വാഹനത്തെ ഇന്ത്യന്‍ വിപണിയിലും അവതരിപ്പിക്കുവാനുമാണ് തീരുമാനം.

പൂര്‍ണ വൈദ്യുത എസ്‌യുവിയാണ് ഓഷ്യന്‍. 80 കിലോവാട്ട് അവര്‍ ബാറ്ററി പാക്കാണ് ഫിസ്‌കര്‍ ഓഷ്യന്‍റെ ഹൃദയം. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 300 മൈല്‍ അഥവാ 480 കിലോമീറ്റര്‍ സഞ്ചരിക്കാം. വാഹനത്തിന്റെ പവറും ടോർക്കും കമ്പനി ഇത് വരെ പുറത്തു വിട്ടിട്ടില്ല. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ മൂന്ന് സെക്കന്‍ഡ് സമയം മതി.

കാബിനില്‍, ലളിതമായ ഡാഷ്‌ബോര്‍ഡ് ഡിസൈന്‍, നടുവില്‍ വലിയ ടച്ച്‌സ്‌ക്രീന്‍ എന്നിവ കാണാം. ഇന്‍സ്ട്രുമെന്റ് കണ്‍സോളിന് ചെറിയ സ്‌ക്രീന്‍ നല്‍കി. ഹെഡ്‌സ്-അപ് ഡിസ്‌പ്ലേ ഉണ്ടായിരിക്കും. കാലിഫോര്‍ണിയ മോഡ് ആണ് ഈ ഇലക്ട്രിക് എസ്‌യുവിയുടെ മറ്റൊരു സവിശേഷത. ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ പിറകിലെ വിന്‍ഡ്‌സ്‌ക്രീന്‍, സണ്‍റൂഫ് എന്നിവ ഉള്‍പ്പെടെ ആകെയുള്ള ഒമ്പത് വിന്‍ഡോകളും ഒരുമിച്ച് തുറക്കും.

പ്രീമിയം ഇ-എസ്.യു.വിയായ ഫിസ്‌കർ ഓഷ്യന്റെ വില ഏകദേശം 27 ലക്ഷം രൂപയാണ്. ഇത് ടെസ്ല മോഡൽ 3 യുടെ വിലയേക്കാൾ കുറവാണ്. എസ്‌.യു.വി യുടെ പ്രീ ബുക്കിംഗ് അമേരിക്കയിൽ ആരംഭിച്ചു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!