സൗദി ജിദ്ദയിലെ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് അൽറവാബിയിൽ പ്രവർത്തനം ആരംഭിച്ചു. സൗദിയിലെ 27ാമത്തെയും ആഗോളതലത്തിൽ 233ാമത്തെയും ഹൈപ്പർ മാർക്കറ്റാണിത്. 170,000 ചതുരശ്രയടി വിസ്തീർണമുണ്ട്.
ജിദ്ദ-മക്ക പ്രവിശ്യ മേയർ സാലേ അൽതുർക്കിയാണ് ജിദ്ദ ചേംബർ ഓഫ് കോമേഴ്സ് സെക്രട്ടറി ജനറൽ റാമെസ് അൽഗാലിബ്, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം നിർവഹിച്ചത്.
പ്രാദേശികതലത്തിൽ സംഭരിച്ച കാർഷികോൽപന്നങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന സൗദി ഉൽപന്നങ്ങളാണ് പുതിയ ഹൈപ്പർമാർക്കറ്റിന്റെ പ്രത്യേകത. പരിസ്ഥിതിക്ക് അനുകൂലമായ കടലാസ് രഹിത ഇ-ബിൽ സംവിധാനവും പുതിയ ഹൈപ്പർ മാർക്കറ്റിൽ ഏർപ്പെടുത്തിയിട്ടുണ്ട്. അൽറവാബിയിലും പരിസര പ്രദേശങ്ങളിലുമുള്ളവർക്കായി മികച്ചതും ആധുനികവുമായ ഹൈപ്പർ മാർക്കറ്റ് ഒരുക്കിയതിൽ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു.