തിരുവനന്തപുരം: നിത്യഹരിത നായകൻ പ്രേംനസീറിന്റെ 31ാം ചരമവാർഷികത്തോടനുബന്ധിച്ച് ഇന്നും നാളെയുമായി പബ്ലിക് ലൈബ്രറി ഹാളിൽ പ്രേംനസീർ സ്മൃതി സന്ധ്യ നടക്കും. ഇന്ന് വൈകിട്ട് 6ന് നടക്കുന്ന പ്രഥമ ടെലിവിഷൻ പുരസ്കാര ചടങ്ങിൽ മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.രാജു, മേയർ കെ.ശ്രീകുമാർ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു എന്നിവർ പങ്കെടുക്കും. തുടർന്ന് കലാപരിപാടികൾ അരങ്ങേറും.
നാളെ വൈകിട്ട് 7ന് നടക്കുന്ന ചടങ്ങിൽ പ്രേംനസീർ പുരസ്കാരങ്ങൾ മന്ത്രി എ.കെ.ബാലൻ പെരുമ്പടവം ശ്രീധരൻ, അടൂർ ഗോപാകൃഷ്ണൻ, ഡോ.എം.കെ.മുനീർ എം.എൽ.എ എന്നിവർക്ക് സമ്മാനിക്കും. ഡെപ്യൂട്ടി സ്പീക്കർ വി.ശശി, അടൂർ പ്രകാശ് എം.പി, മേയർ കെ.ശ്രീകുമാർ എന്നിവർ പങ്കെടുക്കും.
തുടർന്ന് പ്രേംനസീർ അഭിനയിച്ച തിരഞ്ഞെടുത്ത ചിത്രങ്ങളിലെ 31 ഗാനങ്ങൾ കോർത്തിണക്കിയ നിത്യവസന്തം എന്ന ഗാനസന്ധ്യ അരങ്ങേറും. ഡോ.എം.കെ.മുനീർ, ചലച്ചിത്ര പിന്നണി ഗായകരായ മണക്കാട് ഗോപൻ, കൊല്ലം മോഹൻ, മെഹറുദ്ദീൻ, രാധിക നായർ എന്നിവർ ഗാനങ്ങൾ ആലപിക്കും.