mohanlal mammotty
0 Comments

മോഹന്‍ലാല്‍ ആദ്യമായി സംവിധാന രംഗത്തേക്ക് ചുവടു വയ്ക്കുന്ന ബറോസ് എന്ന ചിത്രത്തിന് തുടക്കമായി.ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ കൊച്ചിയില്‍ നടന്നു. മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ്, എന്നിവരടക്കം താരനിബിഡമായിരുന്നു പൂജാ ചടങ്ങുകള്‍.

ചടങ്ങിനിടെ എടുത്ത ചിത്രങ്ങളും താരത്തിന് ആശംസയും അറിയിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. മമ്മൂട്ടിക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ച് ‘അമൂല്യമായ സെല്‍ഫി’ എന്നാണ് സുപ്രിയ മേനോന്‍ ഇന്‍സ്റ്റയില്‍ കുറിച്ചത്.മലയാളത്തിന്റെ സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചുള്ള ഒരു അപൂര്‍വ്വ ‘നിമിഷ’ത്തിന്റെ ചിത്രമാണ് നടന്‍ അജുവര്‍ഗ്ഗീസ് പങ്കു വച്ചത്.

അഭിനയ വിസ്മയത്തിന്റെ ആദ്യ സംവിധാന സംരഭത്തിന് ആശംസ അറിയിച്ച് സിനിമാ ലോകത്തെ പല പ്രമുഖരും രംഗത്തെത്തി. അമിതാഭ് ബച്ചന്‍, സുരേഷ് ഗോപി, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, അജു വര്‍ഗ്ഗീസ് തുടങ്ങി നിരവധി പേരാണ് മോഹന്‍ ലാലിന് ആശംസ അറിയിച്ച് രംഗത്തെത്തിയത്. മഹാനായ മോഹന്‍ലാലിന് തന്റെ ആദ്യ സംവിധാന സംരംഭമായ ‘ബാരോസിന്’ എല്ലാവിധ ആശംസയും’ എന്നാണ് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചത്.

‘അദ്ദേഹത്തിന് അഭിനയിക്കാന്‍ കഴിയും, അദ്ദേഹത്തിന് പാട്ടു പാടാന്‍ കഴിയും, അദ്ദേഹത്തിന് ശരീരം നന്നായി ചലിപ്പിക്കാനും അദ്ദേഹത്തിന്റെ കഴിവുകളെ സമ്പന്നമാക്കാന്‍ എന്തു ചെയ്യാനും കഴിയും. ഇന്ന്, അദ്ദേഹം ഒരു സംവിധായകനെന്ന നിലയില്‍ ഒരു പുതിയ യാത്ര ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. ഈ അതിശയകരമായ തുടക്കത്തില്‍, എന്റെ പ്രിയപ്പെട്ട ലാലിന് എല്ലാവിധ ആശംസകളും വിജയം മാത്രവും നേരുന്നു.

ബാറോസിന്റെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കും പ്രത്യേകിച്ച് ജിജോ പുന്നൂസ്, ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ശിവന്‍ എന്നിവര്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു’ – ആശംസ അറിയിച്ച് സുരേഷ് ഗോപി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു

പതിറ്റാണ്ടുകള്‍ നീണ്ട കരിയറില്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് ‘ബാറോസ്: ഗാര്‍ഡ്യന്‍ ഓഫ് ഡി’ഗാമാസ് ട്രെഷര്‍’. കുട്ടികള്‍ക്ക് വേണ്ടി ത്രിഡി യില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രി – പ്രൊഡക്ഷന്‍ ജോലികള്‍ നിലവില്‍ കൊച്ചിയിലെ നവോദയ സ്റ്റുഡിയോയില്‍ പുരോഗമിക്കുകയാണ്. ജിജോ പുന്നൂസ് ആണ് തിരക്കഥാകൃത്ത്. ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരന്‍, പ്രതാപ് പോത്തന്‍ എന്നിവര്‍ വേഷമിടുന്നുണ്ട്. വിദേശ നടി പാസ് വേഗ ചിത്രത്തിന്റെ ഭാഗമാണ്.

ബാറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി’ഗാമാസ് ട്രെഷര്‍ എന്ന പേരിലെ നോവല്‍ അടിസ്ഥാനമാക്കിയാണ് ജിജോ പുന്നൂസ് തിരക്കഥയൊരുക്കുന്നത്. ബാറോസ് എന്ന നിധിസൂക്ഷിപ്പുകാരന്റെ വേഷം മോഹന്‍ലാല്‍ ചെയ്യും. ഗോവയും പോര്‍ച്ചുഗലുമാണ് പ്രധാന ലൊക്കേഷനുകള്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!