
പ്രശസ്ത മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യ ആസൂത്രകൻ പോലീസ് പിടിയിലായി. ജാര്‍ഖണ്ഡില്‍ നിന്നുമാണ് പ്രതിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഋഷികേഷ് ദേവ്ദികര്‍ എന്നയാളെയാണ് അറസ്റ്റിലായത്.
ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയിലെ കതരാസിൽ പ്രതി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. പൊലീസ് കുറ്റപത്രത്തിലെ പതിനെട്ടാം പ്രതിയാണ് പിടികൂടിയ ഋഷികേശ്.
തീവ്ര വലതുപക്ഷ സംഘടനയായ സനാതന്‍ സന്‍സ്തയുമായും ഹിന്ദു ജനജാഗ്രതി സമിതിയുമായും ബന്ധമുള്ളയാളാണ് ഋഷികേശ്. കൊലപാതകവുമായി ബന്ധപ്പെട്ട കുറ്റപത്രം 2018 നവംബറില്‍ പൊലീസ് സമര്‍പ്പിച്ചിരുന്നു.
കൊലയാളികള്‍ക്ക് പരിശീലനവും തോക്കുകളും എത്തിച്ചുനല്‍കിയത് ഋഷികേശ് ആണെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ഋഷികേശിനെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. 2017 സെപ്റ്റംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് ബെംഗളൂരുവില്‍ വസതിക്കു മുന്നില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്.