കൽപ്പറ്റ: നിരോധിത മയക്കുമരുന്നായ എംഡിഎംഎ യുമായി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ രണ്ട് യുവാക്കൾ പിടിയിൽ. ഇന്നലെ വൈകീട്ട് നടത്തിയ വാഹന പരിശോധനയിലാണ് കോഴിക്കോട് കൊടുവള്ളി സ്വദേശി പാറോപത്തിയിൽ മുഹമ്മദിന്റെ മകൻ റമീസ് (22 ), സുൽത്താൻ ബത്തേരി ചീരാൽ സ്വദേശി താഴത്തിൽ വീട്ടിൽ മുഹമ്മദ് ഷാനിഫ് എന്നിവരെ കാറിൽ കടത്തുകയായിരുന്ന 6 ഗ്രാം എംഡിഎംഎ എന്ന പേരിലുള്ള ന്യൂ ജെൻ മയക്കുമരുന്നുമായി ചെക്ക് പോസ്റ്റിൽ പിടികൂടിയത്.
മോളി, എക്സ്റ്റസി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന എംഡിഎംഎ ഉപയോഗിച്ചാൽ മണിക്കൂറുകളോളം ലഹരി നിലനിൽക്കും.വെറും 5 ഗ്രാം കൈവശം വെക്കുന്നത് പോലും 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ചെറിയ ചെറിയ പാക്കറ്റുകളിലാക്കി കാറിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ട് വരാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പരിശോധനയിൽ പിടിക്കപ്പെട്ടത്.
എക്സൈസ് സർക്കിൾ ഇൻസ്പക്ടർ പി.എ ബെന്നിയുടെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പക്ടർ എം.കെ സുനിൽ ,പ്രിവന്റീവ് ഓഫീസർ കെ.ശശി, സിവിൽ എക്സൈസ് ഓഫീസർമാരായ വി.രഘു, അജേഷ് വിജയൻ എന്നിവരാണ് പരിശോധന നടത്തിയത്.