തൃക്കുന്നപ്പുഴ: വിവാഹത്തിൽ പങ്കെടുത്തവർ സംഭാവന നൽകിയ 1,61,000 രൂപ മോഷ്ടിച്ച് കടന്നുകളഞ്ഞ കേസിലെ രണ്ടു പ്രതികൾ പിടിയിലായി. അറസ്റ്റിലായവരിൽ ഒരാളുടെ മകനും കേസിൽ പ്രതിയാണ്, ഇയാൾ ഒളിവിലാണ്.
ആലപ്പുഴ കാഞ്ഞിരംചിറ കനാൽ വാർഡ് ബംഗ്ലാവ് പറമ്പിൽ മുഹമ്മദ് ഷെറീഫ് (ഷെറിമോൻ–63), ആലപ്പുഴ മംഗലം പുതുവൽ ആന്റപ്പൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
തൃക്കുന്നപ്പുഴ പള്ളിപ്പാട്ടുമുറി കാട്ടാശേരി പടീറ്റതിൽ കുഞ്ഞുമോന്റെ മകളുടെ വിവാഹം നടന്ന തൃക്കുന്നപ്പുഴ കുമ്പളത്ത് ഓഡിറ്റോറിയത്തിൽ കഴിഞ്ഞമാസം 22നായിരുന്നു സംഭവം. വിവാഹത്തിൽ പങ്കെടുക്കാനെന്ന വ്യാജേന എത്തിയാണ് ഇവർ മോഷണം നടത്തിയത്.
സംഭാവന നൽകിയ ശേഷം ബുക്കിൽ എഴുതിക്കാനെന്ന മട്ടിൽ മേശയ്ക്ക് സമീപം നിന്നായിരുന്നു മോഷണം.വൈകിട്ട് പണം എണ്ണി തിട്ടപ്പെടുത്തുമ്പോഴായിരുന്നു 1,61,000 രൂപയുടെ കുറവ് കണ്ടെത്തിയത്. തുടർന്നു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഓഡിറ്റോറിയത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതികളുടെ ദൃശ്യങ്ങൾ ലഭിച്ചത്.