ബെംഗളൂരു: അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിക്കുകയും ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്ത അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ. ബെംഗളൂരുവിലെ ദൊഡ്ഡബെലാപൂർ സ്വദേശിയായ നാഗരാജാണ് അറസ്റ്റിലായത്. ഇയാൾ പെൺകുട്ടിയുടെ ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയും ലൈംഗിക പീഡനത്തിന് വിധേയമാക്കുകയുമായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവം പെൺകുട്ടി ശനിയാഴ്ച അങ്കണവാടിയിൽ എത്തിയതോടെയാണ് പുറംലോകം അറിയുന്നത്. കുട്ടിയുടെ ശരീരത്തിലും മുഖത്തും പൊള്ളലേറ്റപാടുകൾ കണ്ട അങ്കണവാടി അധ്യാപിക കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു. തന്റെ മുഖത്ത് സിഗരറ്റ് കൊണ്ട് പൊളളിച്ചതാണെന്ന് കുട്ടി വെളിപ്പെടുത്തി. തുടർന്ന് നടന്ന അന്വേഷണത്തിൽ കുട്ടിയെ നാഗരാജ് നിരന്തരമായി ലൈംഗിക പീഡനത്തിനിരയാക്കിയതായും കണ്ടെത്തുകയായിരുന്നു.
പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായ നാഗരാജ് കുറച്ചുനാളുകളായി ഇവരോടൊപ്പമാണ് താമസം. കുട്ടിയുടെ അമ്മയുമായി ഫേസ്ബുക്ക് വഴിയാണ് ഇയാൾ പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
നിലവിൽ പെൺകുട്ടിയും ഒൻപതു വയസ്സുള്ള സഹോദരനും സംസ്ഥാന ശിശുക്ഷേമ വകുപ്പിന്റെ സംരക്ഷണയിലാണ്.