ആഗ്ര: ഓപ്പറേഷന് തിയറ്ററിലുണ്ടായിരുന്ന നവജാതശിശുവിനെ തെരുവുനായ കടിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. രവികുമാര്‍ – കാഞ്ചന ദമ്പതികളുടെ കുഞ്ഞിനെയാണ് തെരുവുനായ കടിച്ച് കൊന്നത്. രാവിലെ 8.30ഓടെ നായ ഓപ്പറേഷൻ മുറിയിൽ നിന്ന് ഇറങ്ങുന്നത് കണ്ട ജീവനക്കാര്‍ പരിശോധിച്ചപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ കിടക്കുന്ന നവജാതശിശുവിനെ കാണുന്നത്.
പുലര്‍ച്ച സിസേറിനിലൂടെയാണ് കുഞ്ഞ് പിറന്നത്. തുടർന്ന് കാഞ്ചനയെ വാര്‍ഡിലേക്ക് മാറ്റിയെന്നും ആശുപത്രി അധികൃതര്‍ പുറത്ത് നില്ക്കാന് തന്നോട് ആവശ്യപ്പെട്ടിരുന്നെന്നും രവികുമാര്‍ പറഞ്ഞു. ഫറൂദാബാദിലെ സ്വകാര്യ ആശുപത്രിയായ ആകാശ് ഗംഗയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്.
തിയറ്ററിന് പുറത്ത് നില്ക്കുമ്പോള് ജീവനക്കാര്‍ നായയെ ഓടിക്കുന്നത് കണ്ടെന്ന് രവികുമാര്‍ പറയുന്നു. വിവരം തിരക്കിയപ്പോഴാണ് കുഞ്ഞ് മരിച്ച വിവരം അറിയുന്നത്. തുടർന്ന് ആശുപത്രി അധികൃതരുടെ അനാസ്ഥയെക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ പണം തന്ന് സംഭവം ഒതുക്കാന്‍ ശ്രമിച്ചെന്നും രവികുമാര്‍ ആരോപിക്കുന്നു.
എന്നാല്‍ മരിച്ചനിലയിലാണ് കുഞ്ഞ് പിറന്നതെന്നാണ് ആശുപത്രി ഉടമ വിജയ് പട്ടേലിന്റെ പ്രതികരണം. ശസ്ത്രക്രിയ നടത്തിയ ഡോക്ടർ, ആശുപത്രി ഉടമ തുടങ്ങിയവർക്കെതിരെ പൊലീസ് കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആശുപത്രിക്ക് റജിസ്ട്രേഷൻ ഇല്ലായിരുന്നെന്നും കണ്ടെത്തി. ജില്ലാ മജിസ്ട്രേട്ടിന്റെ ഉത്തരവനുസരിച്ച് ആശുപത്രി അടച്ചുപൂട്ടി സീൽ ചെയ്തിട്ടുണ്ട്.