
ബംഗലൂരു: കേരളത്തിലെ ബാങ്കുകളിൽ നിന്നടക്കം ബിനീഷിനെതിരെ കൂടുതൽ തെളിവുകൾ തേടി ഇഡി. കൊച്ചിയിലെ റിയാന്‍ഹ ഇവന്റ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, ബെംഗളൂരുവിലെ യൗഷ് ഇവന്റ് മാനേജ്മെന്റ് പ്രൊഡക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികൾ വഴി വലിയ തുകകൾ വെളിപ്പിച്ചെടുത്തെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
കർണാടക സ്വദേശികളായ സുഹാസ് കൃഷ്ണ ഗൗഡയും സോണറ്റ് ലോബോയും മുഹമ്മദ് അനൂപിനെ ഉപയോഗിച്ച് ബിനീഷ് കോടിയേരി ലഹരി വില്പന നടത്തിയെന്ന് മൊഴി നൽകിയിട്ടുണ്ട്. ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാനാണ് ബിനീഷ് ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുന്നത് എന്ന വിലയിരുത്തലിലാണ് ഇഡി.
ബിനീഷിനെതിരെ ഇന്നലെ ഗുരുതരമായ ആരോപണങ്ങളാണ് ഇഡി കോടതിയില്‍ ഉയര്‍ത്തിയത്. 2012 മുതൽ 19 വരെ വിവിധ അക്കൗണ്ടുകളിലൂടെ 5,17,36,600 രൂപ ബിനീഷ് കൈമാറിയെന്ന് ഇഡി റിപ്പോർട്ട് നൽകി. ഇത് ലഹരിമരുന്ന് കച്ചവടത്തിലൂടെ സമാഹരിച്ചതാകാമെന്നാണ് നിഗമനം. അനൂപ് മുഹമ്മദ്, റിജേഷ് എന്നിവർ ഡയറക്ടർമാരായ ഇവന്റ് മാനേജ്മെന്റ് കമ്പനികൾ ബിനീഷിൻ്റെ ഉടമസ്ഥതയിലുള്ളതാണെന്നും ഇതിനെപ്പറ്റി അന്വേഷണം വേണമെന്നും ഇഡി പറയുന്നു.
ദുബായിൽ നേരത്തെ ബിനീഷ് പ്രതിയായ ബാങ്ക് തട്ടിപ്പ് കേസിനെ കുറിച്ചും അന്വേഷിക്കണമെന്നും ഇഡി ആവശ്യപ്പെട്ടു. സ്വർണക്കടത്തു കേസിൽ പ്രതിചേർക്കപ്പെട്ട അബ്ദുൽ ലത്തീഫ് ബിനീഷിൻ്റെ ബിനാമിയാണെന്നും, ഇത്തരത്തിൽ നിരവധി പേരെ ബിനാമിയാക്കി നിരവധി സ്വത്തുക്കൾ ബിനീഷ് മറച്ചു വച്ചിട്ടുണ്ടെന്നും ഇഡിയുടെ റിപ്പോർട്ടിൽ പറയുന്നു.