0 Comments

 

തിരുവനന്തപുരം: ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തി. ബാലരാമപുരം പരുത്തിച്ചകോണം എ.ആർ ഹൗസിൽ രാധാകൃഷ്ണൻ- അനിത ദമ്പതികളുടെ മകൾ അഞ്ജുവിന്റെ (24)മരണമാണ് വീട്ടുകാരിലും നാട്ടുകാർക്കിടയിലും സംശയങ്ങൾക്ക് കാരണമാകുന്നത്. ഭർത്താവ് സിവിൽ പൊലീസ് ഓഫീസറായ പുന്നക്കാട് കൊട്ടാരക്കോണത്ത് സുരേഷ് കുമാറിന്റെ വീട്ടിലാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെ അഞ്ജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സുരേഷ് കുമാർ ഇപ്പോൾ ഡെപ്യൂട്ടേഷനിൽ നിയമസഭയിൽ വാച്ച് ആന്റ് വാർഡായി ജോലി ചെയ്യുകയാണ്. സംഭവത്തിന് തലേദിവസമാണ് അഞ്ജു ഏറ്റവുമൊടുവിൽ പരുത്തിച്ചകോണത്തെ വീട്ടിൽ വന്നത്. രണ്ടരവയസുകാരൻ മകനെ ഡേ കെയറിൽ അയയ്ക്കുന്നതിനും തനിക്ക് പി.എസ്.സി പരീക്ഷാ പരിശീലനത്തിന് പോകുന്നതിനെപ്പറ്റിയും ആലോചിക്കാനുമാണ് ഭർത്താവ് സുരേഷ് കുമാറിനൊപ്പമെത്തിയത്. അഞ്ജുവിനെ പരുത്തിച്ചകോണത്തെ വീട്ടിലാക്കിയശേഷം ജോലിക്ക് പോയ സുരേഷ്, ഉച്ചയോടെ ഫോണിൽ വിളിച്ച് താൻ തിരികെ വരാൻ താമസിക്കുമെന്നും വണ്ടിവിളിച്ച് വീട്ടിലേക്ക് പോകണമെന്നും നിർദ്ദേശിച്ചു.തുടർന്ന് അഞ്ജുവിനെ സഹോദരൻ കാറിൽ അന്ന് വൈകുന്നേരം കൊട്ടാരക്കോണത്തെ വീട്ടിൽ തിരികെ കൊണ്ടാക്കി. അടുത്ത ദിവസം രാവിലെ പതിവുപോലെ അച്ഛനമ്മമാരെ വിളിച്ച് വിശേഷങ്ങൾ പങ്കുവച്ചു എന്നും ഉച്ചയ്ക്കുള്ള അഞ്ജുവിന്റെ പതിവ് വിളി അന്നുണ്ടായില്ല. രാത്രി മകളെ അങ്ങോട്ട് വിളിക്കാമെന്ന് കരുതിയിരുന്ന അമ്മയുടെ ഫോണിലേക്ക് വൈകുന്നേരമെത്തിയ സുരേഷ്‌‌ കുമാറിന്റെ വിളി ആ കുടുംബത്തിന് താങ്ങാനായില്ല. ‘നിങ്ങളുടെ മകൾ തൂങ്ങിനിൽക്കുന്നു’ എന്നായിരുന്നു ആ സന്ദേശം. ഉടൻ അഞ്ജുവിന്റെ കുടുംബം കഷ്ടിച്ച് നാലുകിലോമീറ്റർ അകലെയുള്ള കൊട്ടാരക്കോണത്തെ വീട്ടിലേക്ക് പാഞ്ഞു. നിലത്ത് നിശ്ചലയായി മരവിച്ച് കിടക്കുന്ന മകളുടെ മൃതശരീരമാണ് അവർക്ക് അവിടെ കാണാനായത്.

സുരേഷിന്റെ വീട്ടിലെ ഡൈനിംഗ് ടേബിളിൽ ഒരു ഗ്ളാസ്ബൗൾ അഞ്ജു വച്ചതിനെ ചൊല്ലി വഴക്കുണ്ടായത്രേ. തുടർന്ന് സുരേഷ് അഞ്ജുവിനെ മർദ്ദിച്ചു എന്നാണ് പരാതി. സംഭവങ്ങൾക്ക് സാക്ഷിയായ രണ്ടര വയസുകാരൻ മകൻ ഇക്കാര്യങ്ങൾ അഞ്ജുവിന്റെ മാതാപിതാക്കളോട് പറയുകയും ചെയ്തിട്ടുണ്ട്. അഞ്ജു മുറിയ്ക്കുള്ളിൽ ജീവനൊടുക്കിയതാണെന്നാണ് സുരേഷിന്റെയും വീട്ടുകാരുടെയും മൊഴി. എന്നാൽ, മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് അഞ്ജുവിന്റെ വീട്ടുകാരുടെ പരാതി.അഞ്ജു ഉപയോഗിച്ചിരുന്ന ഫോണും ലാപ്ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭർതൃവീട്ടിൽ തനിക്ക് നേരിടേണ്ടിവന്ന അവസ്ഥ ലാപ് ടോപ്പിൽ തെളിവായുണ്ടെന്നാണ് സൂചന. ആർത്തവ സമയത്ത് കുഞ്ഞിന് കുറുക്ക് തയാറാക്കാൻ പോലും അടുക്കളയിൽ പ്രവേശിക്കാൻ അഞ്ജുവിന് അനുവാദമില്ലായിരുന്നു. അതിനാൽ, ആർത്തവ സമയത്ത് അഞ്ജുവിനെ മാതാപിതാക്കൾ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു.മകളുടെ മരണവുമായി ബന്ധപ്പെട്ട് തങ്ങളുടെ സംശയങ്ങൾ മുഖവിലയ്ക്കെടുക്കാനോ കാര്യമായി അന്വേഷണം നടത്താനോ പൊലീസ് തയാറാവുന്നില്ലെന്നാണ് അഞ്ജുവിന്റെ ബന്ധുക്കളുടെ പരാതി. ഇക്കാര്യങ്ങളടക്കം മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകുമെന്ന് അഞ്ജുവിന്റെ ബന്ധുക്കൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *