0 Comments

മലപ്പുറം : കൊണ്ടോട്ടി മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന അക്ഷരശ്രീ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടത്തുന്ന എവറസ്റ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷ മാര്‍ച്ച് ഏഴിന് നടക്കും. കൊണ്ടോട്ടി ജി. എം. യു. പി. സ്‌കൂളില്‍ രാവിലെ 10.30 മുതല്‍ 12 വരെയാണ് പരീക്ഷ. യു.പി. വിഭാഗം കുട്ടികള്‍ പരീക്ഷക്ക് വരുമ്പോള്‍ സ്‌കോളര്‍ഷിപ്പിന്റെ ഭാഗമായി തയ്യാറാക്കിയ പ്രൊജക്ട് നിര്‍ബന്ധമായും കൊണ്ടുവരണം.

ടി.വി ഇബ്രാഹിം എം.എല്‍.എ.യുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മണ്ഡലത്തിലെ എല്ലാ എല്‍.പി, യു.പി.സ്‌കൂളുകളിലും ഒന്നാം ഘട്ട പരീക്ഷ നടത്തി ഓരോ ഡിവിഷനില്‍ നിന്നും തെരഞ്ഞെടുത്ത രണ്ടു പേരാണ് ഫൈനല്‍ പരീക്ഷയായ എവറസ്റ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് യോഗ്യത നേടിയിട്ടുള്ളത്. ഇത്തരത്തില്‍ എല്‍. പി. വിഭാഗത്തില്‍ നിന്ന് 281 കുട്ടികളും, യു. പി. വിഭാഗത്തില്‍ നിന്ന് 475 കുട്ടികളുമായി ആകെ 756 പേരാണ് ഫൈനല്‍ പരീക്ഷ എഴുതുക. പൊതു വിദ്യഭ്യാസ ഡയറക്ടറുടെ പ്രത്യേക അനുമതിയോടെയാണ് പരീക്ഷ നടത്തുന്നത്. കുട്ടികളില്‍ പ്രാദേശിക വിജ്ഞാനവും ആനുകാലിക വിജ്ഞാനവും വര്‍ധിപ്പിക്കുക, മത്സര പരീക്ഷകളില്‍ പരിശീലനം നല്‍കുക, പൊതുവിദ്യാലയങ്ങളുടെ അക്കാദമിക മികവ് മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം.

പരീക്ഷ വഴി തെരഞ്ഞെടുക്കുന്ന 100 വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും, ക്യാഷ് പ്രൈസും, മെമെന്റോയും നല്‍കും. എവറസ്റ്റ് ബ്ലോഗിലൂടെ കുട്ടികള്‍ക്ക് പരിശീലനം നല്‍കി വരുന്നു. മലപ്പുറം ഡയറ്റും ബി.ആര്‍.സികളുമാണ് പദ്ധതിക്കാവശ്യമായ അക്കാദമിക പിന്തുണ നല്‍കുന്നത്. മറ്റു സഹായങ്ങള്‍ പുറത്തൂര്‍ സര്‍ക്കാര്‍ യു. പി. സ്‌കൂളും, കൊണ്ടോട്ടി എന്‍.എ.എം. ട്രസ്റ്റും നല്‍കി വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *