
കൊച്ചി: കോതമംഗലം ചെറിയ പള്ളി കേസിലെ കോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. രണ്ടാഴ്ച്ചയ്ക്കകം ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ജില്ലാ കളക്ടറെ വിളിച്ചുവരുത്തുമെന്നാണ് കോടതി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറാന്‍ രണ്ട് കോടതി ഉത്തരവുണ്ട്. എന്നിട്ടും ഭരണം ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ കളക്ടറോട് നേരിട്ട് ചോദിച്ചുകൊള്ളാമെന്നും കോടതി അറിയിച്ചു.
എന്നാല്‍ കോടതി ഉത്തരവ് നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ പള്ളിയിലെത്തിയതിനെ തുടര്‍ന്ന് യാക്കോബായ വിശ്വാസികള്‍ ഗേറ്റ് പൂട്ടിയതിനാല്‍ പള്ളികവാടത്തില്‍ ആര്‍ഡിഒ നോട്ടീസ് പതിച്ച് മടങ്ങുകയായിരുന്നു. ഓർത്തഡോക്സ് വൈദികൻ തോമസ് പോൾ റമ്പാൻ നൽകിയ ഹർജിയിൽ ഡിസംബർ 3 നാണ് പള്ളിയുടെ ചുമതല ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടത്.