കോഴിക്കോട് കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ എച്ച്വൺ- എൻവൺ സ്ഥിരീകരിച്ചതിനെത്തുടർന്ന് പഞ്ചായത് സർവകക്ഷി യോഗം ചേർന്നു 10 ദിവസത്തോളം നീണ്ടു നിൽക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ യോഗത്തിൽ തീരുമാനമായി.
ഇതോടെ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊതുപരിപാടികൾ ഒഴിവാക്കാനും വിവാഹം, മതപരമായ ചടങ്ങുകൾ അടക്കമുള്ളവയിൽ പനി ബാധിതർ പങ്കെടുക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കാനും യോഗത്തിൽ നിർദേശം പുറപ്പെടുവിച്ചു.
യോഗത്തിൽ പഞ്ചായത്തിലെ വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു. നാളെ മുതൽ പഞ്ചായത്തിലെ വാർഡുകൾ കേന്ദ്രീകരിച്ച് മുഴുവൻ വീടുകളിലും കയറി വിവരങ്ങൾ ശേഖരിക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും യോഗം തീരുമാനിച്ചു. പനിയുള്ളവരുടെ വിവരങ്ങൾ പ്രത്യേകം ശേഖരിക്കും. ഗർഭിണികൾ, കുട്ടികൾ, പ്രായം ചെന്നവർ, രോഗികൾ എന്നിവരെ പ്രത്യേകം നിരീക്ഷിക്കും.
ആനയാംകുന്ന് ഹയർ സെക്കൻഡറി സ്കൂളിൽ ക്യാമ്പ് ചെയ്യുന്ന ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ഇവർ ശേഖരിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്യും. പത്ത് ദിവസത്തോളം നീണ്ടു നിൽക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളാണ് യോഗത്തിൽ രൂപം നൽകിയത്.