കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ചു നിർമ്മിച്ച മരടിലെ അവസാന ഫ്ലാറ്റും തകർത്തു. 15 കിലോ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് നടത്തിയ സ്ഫോടനത്തിൽ ഗോൾഡൻ കായലോരം ഫ്ലാറ്റ് സമുച്ചയമാണ് ഒടുവിൽ നിലംപൊത്തിയത്. അതേസമയം ചുറ്റുപാടുമുള്ള വീടുകൾക്കും തൊട്ടടുത്തുള്ള അങ്കണവാടി കെട്ടിടത്തിനും പൂര്‍ണ്ണ സുരക്ഷയൊരുക്കിക്കൊണ്ടാണ് ഫ്ലാറ്റ് പൊളിക്കൽ വിജയകരമാക്കിയത്.
16 നിലകളുള്ള ഫ്ലാറ്റാണ് നിലംപൊത്തിയത്. എന്നാൽ പൊളിക്കപ്പെട്ടത്തിൽ വെച്ച് ചെറുതും പഴക്കം ഉള്ളതും പൊളിച്ച് മാറ്റാൻ ഏറ്റവും എളുപ്പമെന്ന് തോന്നിക്കുന്നതുമായ കെട്ടിടം തകര്‍ക്കൽ സാങ്കേതിതമായി വെല്ലുവിളി നിലനിന്നിരുന്നു. പതിനാറ് നില കെട്ടിടത്തെ രണ്ടായി പകുത്ത് ബ്ലോക്കുകളായി തകര്‍ന്ന് വീഴുന്ന മാതൃകയിലാണ് സ്ഫോടനം ക്രമീകരിച്ചത്.
അതേസമയം സുരക്ഷാ ക്രമീകരണങ്ങൾ അവസാനവട്ടം ഉറപ്പിക്കുന്നതിന്റെ ഭാഗമായി 1.56 നാണ് ആദ്യ സൈറൺ മുഴങ്ങിയത്. തുടർന്ന് പൊലീസും അധികൃതരും എല്ലാം ചേര്‍ന്ന് ആളുകളെ ഒഴിപ്പിച്ചു. നൂറ് മീറ്റര്‍ മാറി ബ്ലാസ്റ്റ് ഷെഡിലേക്ക് വിദഗ്ധരെത്തി. കൺട്രോൾ റൂമിലും ക്രമീകരണം പൂര്‍ത്തിയാക്കി. ശേഷമായിരുന്നു സ്ഫോടനം.