തൃശ്ശൂര്‍: രാജ്യത്തെ ടോള്‍ പ്ലാസകളില്‍ ഇന്ന് മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കും. അതേസമയം ഇത് പലയിടത്തും ഗതാഗതക്കുരുക്കിന് വഴിവെച്ചേക്കുമെന്നാണ് നിലവിലുയരുന്ന ആശങ്കകൾ. അതേസമയം കേരളത്തില്‍ പാലിയേക്കര അടക്കമുള്ള ടോള്‍ പ്ലാസകളില്‍ രാവിലെ 10 മണി മുതല്‍ ഫാസ്ടാഗ് സംവിധാനം നടപ്പാക്കിത്തുടങ്ങും.
പാലിയേക്കരയില്‍ നിലവില്‍ 12 ടോള്‍ ബൂത്തുകളാണുള്ളത്. നിലവില്‍ ആറ് ടോള്‍ ബൂത്തുകള്‍ ഫാസ്ടാഗ് സംവിധാനമുള്ള വാഹനങ്ങള്‍ക്കും ആറ് ബൂത്തുകള്‍ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്കുമായി നീക്കിവെച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ ഫാസ്ടാഗ് സംവിധാനമില്ലാത്ത ബൂത്തുകളുടെ എണ്ണം രണ്ടാക്കി കുറയ്ക്കും.
കേരളത്തില്‍ 40 ശതമാനം വാഹനങ്ങള്‍ മാത്രമേ ഫാസ്ടാഗ് സംവിധാനത്തിലേയ്ക്ക് കടന്നിട്ടുള്ളൂ. ഇത്രയും വാഹനങ്ങള്‍ക്കുവേണ്ടിയാണ് 10 ടോള്‍ബൂത്തുകള്‍ ഒരുക്കിയിട്ടുള്ളത്. ബാക്കിയുള്ള 60 ശതമാനത്തിന് രണ്ടു ടോള്‍ ബൂത്തുകള്‍ മാത്രമാണ് ഉണ്ടാവുക. ഇതാണ് നിലവിൽ ആശങ്കയുയർത്തുന്നത്