കണ്ണൂർ: മട്ടന്നൂരിൽ നടന്ന ആർഎസ്എസിന്റെ പരിപാടിയിൽ ഉദ്ഘാടകനായി എസ്ഐ എത്തിയത് വിവാദത്തിലേക്ക്. അഡീഷണൽ എസ്ഐ കെകെ രാജേഷിനെതിരെയാണ് സിപിഐഎം മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. അതേ സമയം, താൻ പങ്കെടുത്തത് പരിപാടിയോടനുബന്ധിച്ചുള്ള ബോധവത്കരണ ക്ലാസിലാണെന്നാണ് കെകെ രാജേഷ് നൽകിയ വിശദീകരണം.
മട്ടന്നൂർ കിളിയങ്ങാട്ടെ ആർഎസ്എസ് നേതാവ് സികെ രഞ്ജിത്തിന്റെ അനുസ്മരണ പരിപാടിയിലാണ് അഡീഷണൽ എസ്ഐ കെകെ രാജേഷ് പങ്കെടുത്തത്. ഞായറാഴ്ചയായിരുന്നു പരിപാടി. കിളിയങ്ങാട് വീര പഴശ്ശി ഗ്രാമസേവാ സമിതിയുടെ നേതൃത്വത്തിലായിരുന്നു അനുസ്മരണം സംഘടിപ്പിച്ചത്.
സികെ രഞ്ജിത്തിന്റെ ഛായാചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തിയാണ് എസ്ഐ പരിപാടി ഉദ്ഘാടനം ചെയ്തത്. അതിന് ശേഷം ഉദ്ഘാടന പ്രസംഗവും നടത്തി. ആർഎസ്എസ്, ബിജെപി നേതാക്കളായിരുന്നു മറ്റ് പ്രസംഗകർ.
സംഭവത്തിൽ രാജേഷിനെതിരെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട് ആരംഭിച്ചിട്ടിട്ടുണ്ട്. വിഷയത്തിൽ എസ്പിക്ക് ഉടൻ റിപ്പോർട്ട് നൽകും.