ന്യൂഡൽഹി: കൊല്ലം എംപി എൻ.കെ. പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് മുന്നണി സ്ഥാനാർഥിയായിരുന്ന കെ.എൻ. ബാലഗോപാൽ നൽകിയ ഹർജി സുപ്രീംകോടതി തള്ളിയിരിക്കുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രേമചന്ദ്രൻ നടത്തിയ പരാമർശങ്ങൾ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്.
സിപിഎം നേതാക്കൾ അയ്യപ്പ വിശ്വാസികളല്ലെന്നും അവരെ തെരഞ്ഞെടുത്താൽ ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുമെന്നും പ്രേമചന്ദ്രൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രസംഗിച്ചെന്നും ഹർജിക്കാരൻ ആരോപിക്കുന്നു.
എന്നാൽ, പരാമർശങ്ങൾ അയോഗ്യത ഏർപ്പെടുത്തുന്നതിനു പര്യാപ്തമല്ലെന്ന് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കുകയുണ്ടായി. കെ.എൻ. ബാലഗോപാൽ നൽകിയ ഹർജി നേരത്തെ ഹൈക്കോടതിയും തള്ളിയിരുന്നു.