
കൊണ്ടോട്ടി: ഇന്ത്യൻ ഫുട്ബോളർ അനസ് എടത്തൊടികയുടെ ജേഴ്സിക്ക് കിട്ടിയ ലേലത്തുക മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്കു കൈമാറുന്നു. അനസ് എടത്തൊടിക ആദ്യമായി ഏഷ്യൻ കപ്പിൽ ഇന്ത്യക്ക് വേണ്ടി കളിക്കാനിറങ്ങിയപ്പോൾ ധരിച്ച 22ാം നന്പർ ജഴ്സിയാണ് ലേലത്തിനു വച്ചിരുന്നത്. ജഴ്സിക്ക് ഓണ്‍ലൈൻ ലേലത്തിലൂടെ 1,55,555 രൂപയാണ് ലഭിച്ചിരിക്കുന്നത്.
ഡിവൈഎഫ്ഐ കൊണ്ടോട്ടി മേഖലാ കമ്മിറ്റി ഭാരവാഹികൾ റീ സൈക്കിൾ കേരള പ്രോഗ്രാമിന്റെ ഭാഗമായി അനസിനെ സമീപിച്ചപ്പോഴാണ് തന്റെ കരിയറിലെ ആദ്യ കളിയിലെ ജഴ്സി കൈമാറിയിരിക്കുന്നത്. ഇതു ലേലത്തിൽ വച്ച് ലഭിക്കുന്ന തുക കോവിഡ് ദുരിതാശ്വാസ നിധിയിലേക്കു നൽകാനായിരുന്നു താരം നിർദേശം നൽകിയത്.
കഴിഞ്ഞ പത്തു ദിവസത്തിനിടെ ക്ലബുകളും വ്യക്തികളുമായി പത്തിലേറെ പേരാണ് ലേലത്തിൽ പങ്കെടുത്തത്. കെഎൻപി എക്സ്പോർട്ടേഴ്സ് ഉടമകളായ സഹോദരങ്ങൾ സുഫിയാൻ കാരിയും അഷ്ഫർ സാനുവുമാണ് 1,55,555 രൂപക്ക് ജഴ്സി സ്വന്തമാക്കിയിരിക്കുന്നത്.
2017 മാർച്ച് 22നാണ് അനസ് ആദ്യമായി ഇന്ത്യൻ ടീമിൽ കളിക്കാനിറങ്ങിയത്. അതിനാലാണ് 22 ാം നമ്പർ ജഴ്സി തെരഞ്ഞെടുത്തത്. ലേലത്തുക ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ് ഏറ്റുവാങ്ങി ദുരിതാശ്വനിധിയിലേക്കു കൈമാറും.