0 Comments

മോഹി​നി​യാട്ട വി​ഷയത്തി​ൽ നർത്തകനായ ആർ എൽ വി രാമകൃഷ്ണനും കേരള ലളിത കലാ അക്കാദമി ചെയർപേഴ്സൺ കെ പി എസി ലളിതയും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തായി​. ഇതാേടെ മോഹിനിയാട്ട വിഷയത്തിൽ കെ പി എ സി ലളിതയുടെ വാദം പൊളിയുകയാണ്. സെക്രട്ടറിയുമായി രാമകൃഷ്ണന്റെ കാര്യം സംസാരിച്ചിട്ടുണ്ടെന്നും അപേക്ഷ സമർപ്പിച്ചോളൂ എന്നും കെ പി എ സി ലളിത ഫോണിൽ പറയുന്നുണ്ട്.

സംഗീത നാടക അക്കാദമിയുടെ സർഗ ഭൂമിക എന്ന ഓൺലൈൻ കലാപരിപാടികൾക്കായി അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച് രാമകൃഷ്ണനുമായി സംസാരിച്ചിട്ടില്ലെന്നും രാമകൃഷ്ണനു വേണ്ടി അക്കാദമി സെക്രട്ടറി രാധാകൃഷ്ണനോട് സംസാരിച്ചു എന്ന് പ്രചരിപ്പിച്ചത് ദുരുദ്ദേശപരവുമാണെന്നായിരുന്നു കെ പി എ സി ലളിത ഇന്നലെ പറഞ്ഞത്.

മോഹിനിയാട്ടത്തിൽ പി എച്ച് ഡി ഉണ്ടായിട്ടും തനിക്ക് ജാതീയമായ വിവേചനം മൂലം അവസരം നിഷേധിച്ചു എന്നാണ് രാമകൃഷ്ണന്റെ വാദം. പരിപാടിക്കായി അപേക്ഷ സ്വീകരിച്ച് തുടങ്ങിയിട്ടില്ല എന്നാണ് അക്കാദമിയുടെ നിലപാട്. എന്നാൽ അപേക്ഷ സമർപ്പിച്ചോളൂ എന്ന് ചെയർ പേഴ്സൺ തന്നെ പറയുന്നത് ഫോൺ സംഭാഷണത്തിൽ കേൾക്കാം.

അതേസമയം, ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന രാമകൃഷ്ണന്റെ ആരോഗ്യ നിലയിൽ പുരോഗതി​ ഉണ്ടായി​ട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.

വിഷയത്തിൽ അക്കാദമിയെ വിമർശിച്ച് പ്രശസ്ത സംവിധായകൻ വിനയൻ ഉൾപ്പടെയുളളവർ രംഗത്തെത്തി. രാമകൃഷ്ണന്റെ ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചത് സംഗീത നാടക അക്കാദമിയുടെ പിടിവാശിയും ഈഗോയുമാണെന്നായിരുന്നു വിനയൻ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!