0 Comments

സ്വര്‍ണ്ണക്കടത്ത് കേസില്‍ തിരുവനന്തപുരത്തെ കറന്‍സി എക്സ്ചേഞ്ച് കമ്പനിയായ യു.എഫ്.എക്സ് സൊലൂഷന്‍സിനെ കേന്ദ്രീകരിച്ച് കസ്റ്റംസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. യു.എഫ്.എക്സ് ഡയറക്ടര്‍മാരിലൊരാളായ അബ്ദുള്‍ ലത്തീഫിനെ കസ്റ്റംസ് ചോദ്യം ചെയ്തു. കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാള്‍ ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്ന ആരോപണവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കറന്‍സി എക്സ്ചേഞ്ച് കമ്പനിയായ യു.എഫ്.എക്സ് സൊലൂഷന്‍സിനെ കേന്ദ്രീകരിച്ച് കസ്റ്റംസ് വിശദമായ അന്വേഷണം നടത്തുന്നത്. യു.എ.ഇ കോണ്‍സുലേറ്റിലെ വിസ സ്റ്റാംപിഗ് കരാര്‍ നേടിയ ഇതേ കമ്പനിയില്‍ നിന്ന് കമ്മീഷന്‍ ലഭിച്ചിരുന്നതായി സ്വപ്ന വെളിപ്പെടുത്തിയിരുന്നു. 2015ല്‍ ബെംഗലൂരുവിലും, 2018ല്‍ തിരുവനന്തപുരത്തും പ്രവര്‍ത്തനം തുടങ്ങിയ യു.എഫ്.എക്സ് സൊലൂഷന്‍സിന്‍റെ ഡയറക്ടര്‍മാരിലൊരാള്‍ ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. ചോദ്യം ചെയ്യലില്‍ ബിനാമി ആരോപണം അബ്ദുള്‍ ലത്തീഫ് നിഷേധിച്ചതായാണ് വിവരം.

യു.എഫ്.എക്സിന് കമ്മീഷന്‍ ലഭിച്ചെന്ന സ്വപ്നയുടെ വെളിപ്പെടുത്തല്‍ അബ്ദുള്‍ ലത്തീഫ് തള്ളിയെങ്കിലും അന്വേഷണസംഘം ഇത് പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. തലസ്ഥാനത്ത് കാര്‍ ആക്സസറീസ് ഷോ റൂം ഉള്‍പ്പെടെ അബ്ദുള്‍ ലത്തീഫിന്‍റെ ഉടമസ്ഥതയില്‍ കൂടുതല്‍ സ്ഥാപനങ്ങളുണ്ടെന്നുള്ള വിവരങ്ങള്‍ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. ഈ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് ബിനാമി ബന്ധങ്ങളുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. മൊഴി വിശദമായി പരിശോധിച്ച ശേഷം അബ്ദുള്‍ ലത്തീഫിനെ ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്‍റെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!