
തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ മൂന്നു തവണ മത്സരിച്ചവർക്ക് ഇത്തവണ ലീഗ് സീറ്റ് നൽകില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി വ്യക്തമാക്കി. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഒറ്റക്കെട്ടായി യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.’സംവരണ വിഷയത്തിൽ സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം തുടങ്ങും. സംവരണ സമുദായ സംഘടനകൾക്കൊപ്പം പ്രതിഷേധത്തിലും പ്രക്ഷോഭത്തിലും മുസ്ലീം ലീഗ് ഉണ്ടാകും. വർഗീയതയല്ല സാമൂഹ്യനീതിയാണ് ഇത്. സംവരണ സമുദായങ്ങളോട് സംസ്ഥാന സർക്കാർ ചെയ്തത് കടുത്ത അനീതിയാണ്. അഴിമതിയിൽപ്പെട്ട് ആകെ ആടി ഉലഞ്ഞ് നിൽക്കുന്ന സംസ്ഥാന സർക്കാരിന്റെ മുഖം നഷ്ടപ്പെട്ടു’- കുഞ്ഞാലിക്കുട്ടി പറഞ്ഞു.കഴിഞ്ഞയാഴ്ച ചേർന്ന സംവരണ സമുദായങ്ങളുടെ സംയുക്ത യോഗം മുന്നാക്ക സംവരണം നടപ്പാക്കിയ സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ലീഗടക്കമുള്ള വിവിധ മുസ്ളീം സംഘടനകളും ഇതര സംവരണ സമുദായ സംഘടനാ പ്രതിനിധികളുമാണ് യോഗത്തിൽ പങ്കെടുത്തത്.