
വിഴിഞ്ഞം പദ്ധതിക്കെതിരെ ഒരുമാസത്തില്‍ അധികം നീണ്ടുനിന്ന പ്രദേശവാസികളുടെ സമരം അവസാനിപ്പിച്ച് . മൂന്ന് ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കിയ പശ്ചാത്തലത്തിലാണ് സമരത്തിൽ നിന്നും പിന്മാറിയത് . 32 ദിവസമായി പ്രദേശവാസികൾ സമരത്തിലായിരുന്നു. 18 ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തിൽ ഒരു മാസം മുൻപ് സമരം തുടങ്ങിയത്. പ്രദേശവാസികൾക്കും തുറമുഖത്ത് ജോലി നൽകുക, പുലിമുട്ട് നിർമ്മാണം മൂലമുളള പ്രശ്നങ്ങള്‍ പരിഹരിക്കുക, പുനരധിവാസ പാക്കേജ് നടപ്പാക്കുക, കുടിവെളള പ്രശ്നം പരിഹരിക്കുക എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങൾ.
കുടിവെളള പദ്ധതി, ഗംഗയാർ തോട് നവീകരണം, മണ്ണെണ്ണ വിതരണം എന്നീ ആവശ്യങ്ങളിൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിക്കാൻ മേൽനോട്ട സമിതിയെ നിയോഗിക്കണമെന്ന ആവശ്യവും നേരത്തെ അംഗീകരിച്ചു. എന്നാൽ എല്ലാ ആവശ്യവും നടപ്പാക്കുമെന്ന് രേഖാമൂലം ഉറപ്പ് കിട്ടാതെ സമരം പിൻവലിക്കില്ലെന്ന നിലപാടിലായിരുന്നു സമരസമിതി. ഇതിന് പിന്നാലെയാണ് ഒരുമാസം നീണ്ടുനിന്ന സമരം പ്രദേശവാസികള്‍ പിന്‍വലിച്ചത്.