
തിരുവനന്തപുരം∙ കേസുകള്‍ അന്വേഷിക്കാന്‍ സിബിഐക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കിയ പൊതുസമ്മതപത്രം പിന്‍വലിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. നിലവില്‍ സിബിഐ അന്വേഷിക്കുന്ന കേസുകളെ ഇതു ബാധിക്കില്ല. സിബിഐക്ക് ഇനി മുതല്‍ കേസെടുക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെയോ കോടതിയുടെയോ അനുമതി വേണ്ടിവരും.
ലൈഫ് മിഷന് കേസില്‍ സര്‍ക്കാരറിയാതെ സിബിഐ അന്വേഷണം ആരംഭിച്ച ഘട്ടത്തിലാണ് അനുമതി പിന്‍വലിക്കുന്നത്. ലൈഫ് മിഷന് സിഇഒയ്ക്കു എതിരായ നടപടികള്‍ ഒക്ടോബര്‍ 13നു ഹൈക്കോടതി രണ്ടു മാസത്തേക്കു സ്റ്റേ ചെയ്തിരുന്നു. കേസ് നേരത്തെയാക്കണമെന്ന സിബിഐ ഹര്‍ജി കോടതി തള്ളി. അന്വേഷണം നേരത്തെ ആരംഭിച്ചതിനാല്‍, ഈ കേസില്‍ സിബിഐക്ക് തുടരന്വേഷണം നടത്താന്‍ കഴിയുമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.