
കോഴിക്കോട്: വയനാട് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ മൃതദേഹം കാണാനെത്തിയ ഡിസിസി സംഘത്തെ പൊലീസ് തടഞ്ഞു. ടി സിദ്ദീഖിന്റെ നേതൃത്വത്തിൽ എത്തിയ സംഘത്തെയാണ് പൊലീസ് തടഞ്ഞത്. തുടർന്ന് പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധം നടത്തി.
പോസ്റ്റ് മോർട്ടം നടക്കുന്ന കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിക്ക് മുമ്പിലുണ്ടായത്
നാടകീയമായ നീക്കങ്ങളാണ് . വലിയ പൊലീസ് സംഘത്തെ നിയോഗിച്ച് മോർച്ചറിയിലേക്കുള്ള റോഡുകളെല്ലാം ബാരിക്കേഡ് വെച്ച് അടച്ചു. മൃതദേഹം കാണണമെന്നാവശ്യപ്പെട്ടെത്തിയ ടി സിദ്ദിഖടക്കമുള്ള കോൺഗ്രസ് നേതാക്കളെ ബലം പ്രയോഗിച്ചു നീക്കി. എം കെ രാഘവൻ എംപിക്കും മൃതദേഹം കാണാൻ അനുമതി നൽകിയില്ല.
അതേ സമയം വേൽമുരുഗന്റെ മധുരയിലെ ബന്ധുക്കൾക്ക് ആഭ്യന്തരവകുപ്പിന് നൽകിയ അപേക്ഷയെത്തുടർന്ന് മൃതദേഹം കാണാൻ അനുമതി നൽകി. ഇവർ കണ്ട ശേഷമായിരിക്കും പോസ്റ്റ് മോർട്ടം നടപടികൾ. പടിഞ്ഞാറത്തറ വെടിവയ്പിൽ ജുഡിഷ്യൽ അന്വേഷണം വേണമെന്നും പ്രശ്നത്തിൽ സർക്കാർ പലതും ഒളിച്ച് വെക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.