
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പ് ഇന്നോ നാളെയോ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പി സി ജോർജ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ഇതിനു ശേഷമാകും തിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ചുളള പ്രഖ്യാപനം.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ എല്ലാം പൂർത്തിയാക്കിയതോടെ ഉടൻ വിജ്ഞാപനം പുറത്തിറക്കാനാണ് കമ്മിഷൻ തീരുമാനം.
രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ്. തദ്ദേശസ്ഥാപനങ്ങളിലെ ഭരണസമിതിയുടെ കാലാവധി അടുത്ത ബുധനാഴ്ചയാണ് അവസാനിക്കുന്നത്. പ്രതിപക്ഷത്തിന്റെ കൂടി നിർദ്ദേശപ്രകാരമാണ് കുറച്ച് ദിവസത്തേക്ക് തെരഞ്ഞെടുപ്പ് നീട്ടിയത്.ഡിസംബർ 15ന് മുമ്പ് തിരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയാക്കി പുതിയ ഭരണസമിതികൾ നിലവിൽ വരും. ഇതനുസരിച്ചാവും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുക. ഒന്നിടവിട്ട ജില്ലകളിൽ രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചന. കഴിഞ്ഞ പ്രാവശ്യവും രണ്ട് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടന്നത്. ഇത്തവണ ഒരു ഘട്ടമായി തിരഞ്ഞെടുപ്പ് നടത്താൻ കമ്മിഷൻ ആലോചിച്ചെങ്കിലും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വോട്ടെടുപ്പ് നടത്താൻ കൂടുതൽ സേനാ വിന്യാസം വേണ്ടി വരുമെന്ന് പൊലീസ് വ്യക്തമാക്കി.