
തിരുവനന്തപുരം: ബിനീഷ് കോടിയേരി ഡോണോ, മയക്കുമരുന്ന് രാജാവോ അല്ല, വെറും സാധാരണ മനുഷ്യനാണെന്ന് ഭാര്യ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇഡി ഉദ്യോഗസ്ഥർ രേഖകളിൽ ഒപ്പിടുവാൻ നിർബന്ധിച്ചുവെന്നും അവർ ആരോപിച്ചു. ബിനീഷ് കുടുങ്ങാന്‍ പോകുകയാണെന്നും അവിടെനിന്നും പുറത്തിറങ്ങണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഒപ്പിടണമെന്നുമാണ് ഇഡി ഉദ്യോഗസ്ഥർ പറഞ്ഞത്. എന്നാല്‍ അനൂപ് മുഹമ്മദിന്റെ പേരിലുള്ള കാര്‍ഡ് കണ്ടപ്പോള്‍ ഒപ്പിടാനാകില്ലെന്ന് താൻ ഉദ്യോഗസ്ഥരെ അറിയിച്ചു.
അത്തരത്തിലൊരു കാര്‍ഡ് ബിനീഷിന്റെ മുറിയില്‍ നിന്നും കണ്ടെടുത്തെങ്കില്‍ അത് എടുക്കുമ്പോൾ തന്നെ വിളിച്ചു കാണിക്കണമായിരുന്നു. കാണിക്കാത്ത സാഹചര്യത്തില്‍ ഒപ്പിടാനാകില്ലെന്നാണ് പറഞ്ഞത്. ബിനീഷ് പറഞ്ഞാല്‍ ഒപ്പിടുമോയെന്ന് ചോദിച്ചു. ബിനീഷല്ല, ആരു പറഞ്ഞാലും ബോധ്യപ്പെടാത്ത കാര്യത്തില്‍ ഒപ്പിടില്ലെന്ന് അറിയിച്ചു. അല്ലെങ്കില്‍ നിങ്ങള്‍ കൊണ്ടുവന്നുവെച്ചതാണെന്ന് എഴുതി താന്‍ ഒപ്പിട്ടു നല്‍കാമെന്ന് അറിയിച്ചു. എന്നാല്‍ അത് പറ്റില്ലെന്ന് ഇഡി അറിയിച്ചു. ഇഡി ഉദ്യോഗസ്ഥര്‍ കൊണ്ടുവന്ന സാക്ഷി ഹാളില്‍ ഇരിക്കുകയായിരുന്നു. സാക്ഷി മുറിയിലേക്ക് പോയതുമില്ല. തന്റെ ഫോണ്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. രാത്രി കുഞ്ഞിന് ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല. കുഞ്ഞിന് ഭക്ഷണം നല്‍കാനോ വസ്ത്രം മാറാന്‍ പോലും സാധിച്ചില്ലെന്നും ബിനീഷിന്റെ ഭാര്യ ആരോപിച്ചു.