
ഉലകനായകൻ കമലഹാസന്റെ അറുപത്തിയാറാം ജന്മദിനമാണ് ഇന്ന്.നടനും ‘മക്കൾ നീതി മയം’പാർട്ടി സ്ഥാപകനുമായ കമലിനെ കൊവിഡ് ഭീഷണിയ്ക്കിടയിലും, നിരവധി പേരാണ് നേരിൽ കണ്ട് ആശംസയറിയിക്കാൻ ചെന്നൈയിലെ വസതിയ്ക്ക് മുന്നിൽ തടിച്ചുകൂടിയത്. അവരെ താരം നിരാശപ്പെടുത്തിയതുമില്ല. എല്ലാവരെയും കണ്ട് നന്ദി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ രാഷ്ട്രീയ-സിനിമാ മേഖലകളിലെ നിരവധി പ്രമുഖരാണ് അദ്ദേഹത്തിന് പിറന്നാൾ ആശംസയറിയിച്ചിരിക്കുന്നത്.’അനുഗൃഹീത നടനും ബഹുമുഖ പ്രതിഭയുമായ കമലഹാസൻ ഇന്ത്യയുടെ സാംസ്കാരിക ജീവിത്തിന് മായാത്ത സംഭാവനകൾ നൽകിയിട്ടുണ്ട്. രാജ്യത്തിൻ്റെ ജനാധിപത്യ – മതനിരപേക്ഷ ചട്ടക്കൂട് ശക്തിപ്പെടുത്താൻ സാമൂഹിക പ്രവർത്തകൻ കൂടിയായ കമലഹാസൻ നിർഭയം നടത്തുന്ന ഇടപെടലുകൾ ശ്ലാഘനീയമാണ്’-എന്നായിരുന്നു മുഖ്യമന്ത്രിയുടെ ആശംസ.അച്ഛന് പിറന്നാൾ ആശംസകൾ അറിയിച്ച് മകളും നടിയുമായ ശ്രുതി ഹാസനും രംഗത്തെത്തിയിട്ടുണ്ട്. എന്റെ ബാപ്പുജി, അപ്പയ്ക്ക് ജന്മദിനാശംസകൾ എന്നാണ് ശ്രുതി ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. ഒപ്പം പിതാവിനൊപ്പമുള്ള തന്റെ കുട്ടിക്കാലത്തെ ഒരു ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം മാഷപ്പ് വീഡിയോയിലൂടെ കമലഹാസന് ആദരവ് നൽകി യൗട്യൂബർ പ്രണവ് ശ്രീ പ്രസാദ് രംഗത്തെത്തിയിരുന്നു. തന്റെ യൂട്യൂബ് ചാനലായ ‘ആർ.സി.എം പ്രോമോ ആൻഡ് റീമിക്സ്’ എന്ന ചാനലിലൂടെ കമലിന്റെ ഇതുവരെയുള്ള സിനിമാ ജീവിതത്തെ 15 മിനിറ്റിനുള്ളിൽ വിവരിക്കുന്ന മാഷപ്പ് വീഡിയോ അദ്ദേഹം പുറത്തുവിട്ടിരുന്നു.