
ജുവലറി നിക്ഷേപ തട്ടിപ്പിൽ എം സി കമറുദ്ദീൻ എം എൽ എയുടെ കൂട്ടുപ്രതി പൂക്കോയ തങ്ങൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഹാജരാകാൻ വിളിപ്പിച്ചെങ്കിലും പൂക്കോയ തങ്ങൾ എത്തിയിരുന്നില്ല. അറസ്റ്റ് ഭയന്ന് പൂക്കോയ തങ്ങൾ ഒളിവിൽ പോയെന്നാണ് വിവരം.ചോദ്യം ചെയ്യലിൽ കമറുദ്ദീൻ എം എൽ എ നൽകിയ മൊഴിയുടെ വിശദാംശങ്ങളും ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. ഫാഷൻ ഗോൾഡ് തട്ടിപ്പിൽ സ്ഥാപനത്തിന്റെ എം ഡിയായ ടി കെ പൂക്കോയ തങ്ങൾ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നാണ് കമറുദ്ദീൻ പറയുന്നത്. രാഷ്ട്രീയത്തിൽ സജീവമായതിനാൽ ജുവലറി കാര്യങ്ങളൊന്നും താൻ അറിഞ്ഞിരുന്നില്ല. സ്ഥാപനത്തിന്റെ ചെയർമാൻ താനാണെങ്കിലും അതെല്ലാം രേഖയിൽ മാത്രമായിരുന്നു. എല്ലാ ഇടപാടുകളും നേരിട്ട് നടത്തിയതും നിയന്ത്രിച്ചതും പൂക്കോയ തങ്ങളാണ്. എല്ലാം നല്ല നിലയിലാണ് നടക്കുന്നതെന്ന് പൂക്കോയ തങ്ങൾ തന്നെ തെറ്റിദ്ധരിപ്പിച്ചെന്നും കമറുദ്ദീന്റെ മൊഴിയിലുണ്ട്.അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിനിടെ പാർട്ടിയേയും മുന്നണിയേയും പ്രതിസന്ധിയിലാക്കിയ കമറുദ്ദീനെതിരെ കർശന നടപടി ലീഗ് എടുത്തേക്കുമെന്നാണ് വിവരം. കമറുദ്ദീൻ വിഷയം ചർച്ച ചെയ്യാൻ മുസ്ലീംലീഗിന്റെ അടിയന്തര നേതൃയോഗം ഇന്ന് കോഴിക്കോട്ടെ പാർട്ടി ആസ്ഥാനത്ത് ചേരുന്നുണ്ട്. കമറുദ്ദീനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും എം എൽ എ സ്ഥാനം രാജിവയ്പ്പിക്കണമെന്നുമുളള ആവശ്യം ഒരു വിഭാഗം ശക്തമായി ഉയർത്തുന്നുണ്ട്.ഐ പി സി 420, 406, 409 വകുപ്പുകൾ പ്രകാരമാണ് കമറുദ്ദീനെതിരെ കേസെടുത്തത് എന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. നിക്ഷേപകരുടെ സ്വത്ത് ദുരുപയോഗം ചെയ്തതിനും പൊതു പ്രവർത്തകനെന്ന നിലയിൽ ക്രിമിനൽ വിശ്വാസ വഞ്ചന നടത്തിയതിനുമാണ് 406, 409 വകുപ്പുകൾ ചുമത്തിയിരിക്കുന്നത്.നിക്ഷേപകരുടെ പണം കൊണ്ട് പ്രതികൾ ബംഗളൂരുവിൽ സ്വകാര്യ ഭൂമി വാങ്ങിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. നിക്ഷേപമായി കമ്പനിയിലെത്തിയ പണം പ്രതികൾ ദുരുപയോഗം ചെയ്തു. നിയമവിരുദ്ധമായുളള സ്വകാര്യ സ്വത്ത് സമ്പാദനമാണ് എം എൽ എ നടത്തിയതെന്നും ബംഗളൂരുവിലെ ഭൂമി വിവരങ്ങൾ കമ്പനിയുടെ ആസ്തി രേഖയിൽ ഇല്ലെന്നും ഇതു വഞ്ചനയുടെ പ്രധാന തെളിവാണെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.