
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എംസി ഖമറുദ്ദീൻ എംഎൽഎ അറസ്റ്റിലായ പശ്ചാത്തലത്തിൽ മുസ്ലീലീഗിന്റെ അടിയന്ത നേതൃയോഗം കോഴിക്കോട് ചേരും. ഖമറുദ്ദീൻ അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് അടിയന്തര യോഗം വിളിച്ചത്. ഖമറുദ്ദീൻ എംഎൽഎ സ്ഥാനം രാജിവെക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യുക. അറസ്റ്റ് സൃഷ്ടിച്ച രാഷ്ട്രീയ പ്രതിസന്ധി മറികടക്കുന്നതിനെ കുറിച്ചും യോഗത്തിൽ ചർച്ചയുണ്ടാകും. ഖമറുദ്ദീനെ രാജിവെപ്പിച്ച് പ്രതിസന്ധി മറികടക്കണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. എന്നാൽ കേസുകളിൽ പ്രതിയായ കെഎം ഷാജിക്കും, ഇബ്രാഹി കുഞ്ഞിനും നൽകിയ ആനുകൂല്യം ഖമറുദ്ദീന് നൽകണമെന്ന ആലോചനയും ഉണ്ട്. ഇത്തരം ഒരു സാഹചര്യത്തിൽ ഖമറുദ്ദീനെ തള്ളിപ്പറയുന്നത് ശരിയല്ലാത്ത നടപടിയാണെന്നും ഒരു വിഭാഗം പറയുന്നു.
അതേസമയം കാസർകോട് ഫാഷൻ ഗോൾഡ് തട്ടിപ്പില് 3 കേസുകൾ കൂടി റജിസ്റ്റർ ചെയ്തു. ചന്തേരി കാസർകോട് സ്റ്റേഷനുകളിലാണ് കേസ് റജിസ്റ്റർ ചെയ്തത്. വലിയപറമ്പ്, തൃക്കരിപ്പൂർ സ്വദേശികളിൽ നിന്നായി 27 കോടി രൂപ തട്ടിയെന്ന പരാതിയിലാണ് കേസ് എടുത്തത്. രണ്ട് കേസുകളിൽ എംസി ഖമറുദ്ദീനും ഒരു കേസിൽ ഫാഷൻ ഗോൾഡ് എംഡി പൂക്കോയ തങ്ങളുമാണ് പ്രതി. ഇതോടെ ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 115 ആയി.
പൂക്കോയ തങ്ങൾ ഒളിവിൽ പോയതായാണ് പൊലീസിന്റെ നിഗമനം. കേസിൽ ചോദ്യം ചെയ്യാൻ പ്രത്യേക സംഘം കഴിഞ്ഞ ദിവസം തങ്ങളെ വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യൽ നടക്കുന്ന കാസർകോട് എസ് പി ഓഫീസിൽ എത്താനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പൂക്കോയ തങ്ങൾ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായില്ല. പൊലീസ് തങ്ങളെ പിടികൂടാനായി ഇയാളുടെ വീട്ടിൽ എത്തിയിരുന്നെങ്കിലും ഫലം ഉണ്ടായില്ല. പൂക്കോയ തങ്ങളും കമ്പനി ഡയറ്ടർമാരും ചേർന്ന് തെന്ന കബളിപ്പിച്ചെന്ന് അറസ്റ്റിലായ എംസി ഖമറുദ്ദീൻ എംഎൽഎ ചോദ്യം ചെയ്യലിനിടെ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. പൂക്കോയ തങ്ങൾ മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നതായി സൂചനയുണ്ട്.
ജ്വല്ലറി നിക്ഷേപത്തട്ടിപ്പിൽ എംസി ഖമറുദ്ദീനെ കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത് . ഇതിന് പിന്നാലെയാണ് പൂക്കോയ തങ്ങളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ചന്തേര പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത 4 കേസുകളിലാണ് ഖമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി-420, ഐപിസി-34 എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. 7 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണിവ. ആകെ റജിസ്റ്റർ ചെയ്ത 115 കേസുകളിൽ 77 കേസുകളാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നത്