
പ്രവാസികൾക്ക് ഇനി കൊവിഡ് നെഗറ്റീവെങ്കിൽ ക്വാറന്റീൻ വേണ്ടെന്ന നിർദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ കൊവിഡ് മാർഗരേഖ. പ്രവാസികൾ വിമാനയാത്രയ്ക്ക് 72 മണിക്കൂറിനുളളിൽ നടത്തിയ ആർ.ടി-പി.സി.ആർ പരിശോധനയുടെ നെഗറ്റീവ് റിപ്പോർട്ട് ഹാജരാക്കിയാൽ ഇന്ത്യയിൽ എവിടെയും ക്വാറന്റീൻ ആവശ്യമില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം. വീടിനുളളിലോ പുറത്തുളള സ്ഥാപനങ്ങളിലോ നിരീക്ഷണത്തിൽ കഴിയേണ്ടതില്ലെന്നാണ് മാർഗരേഖയിൽ വ്യക്തമാക്കുന്നത്. മുൻ മാർഗേഖയനുസരിച്ച് നെഗറ്റീവ് റിപ്പോർട്ട് ഹാജരാക്കിയാലും വീടിനുളളിൽ ക്വാറന്റീൻ നിർബന്ധമായിരുന്നു.
യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂർ മുമ്പ് കൊവിഡ് പരിശോധന നടത്തണമെന്നായിരുന്നു മുൻ വ്യവസ്ഥ. ഗർഭാവസ്ഥ, കുടുംബത്തിലെ മരണം, ഗുരുതര രോഗങ്ങൾ, അച്ഛനമ്മമാരോടും പത്തുവയസിൽ താഴെയുളള കുട്ടികളോടും ഒപ്പമുളള യാത്ര തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിലും യാത്ര ചെയ്യാം. എന്നാൽ ഇക്കൂട്ടർ നിർബന്ധമായും 14 ദിവസം വീടിനുളളിൽ സമ്പർക്ക വിലക്കിൽ കഴിയണം. അടിയന്തര സാഹചര്യത്തിൽ യാത്ര ചെയ്യുന്ന എല്ലാവരും 72 മണിക്കൂറിന് മുമ്പ് www.newdelhiairport.in എന്ന വെബാസൈറ്റിൽ വിവരങ്ങൾ നൽകുകയും വേണം. എത്തിയാൽ ഉടൻ അതത് ഹെൽത്ത് കൗണ്ടറുകൾ വഴിയും വിവരങ്ങൾ സമർപ്പിക്കാം.
ആർ ടി-പി സി ആർ പരിശോധന നടത്താതെ വരുന്നവർക്ക് ഇന്ത്യയിലെത്തിയാൽ അതിന് സൗകര്യമുളള എയർപോർട്ടുകളിൽ പരിശോധന നടത്താം. മുംബയ്, ഡൽഹി, കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് നിലവിൽ ഈ സൗകര്യമുളളത്.