
ഫാഷൻ ഗോൾഡ് ജുവലറി തട്ടിപ്പ് കേസിൽ റിമാൻഡിലായ എം സി ഖമറുദ്ദീൻ എംഎൽഎയുടെ ജാമ്യാപേക്ഷ ഇന്ന് കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. അതോടൊപ്പം ഖമറുദ്ദീനെ രണ്ട് ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നൽകിയ ഹർജിയും കോടതി തിങ്കളാഴ്ച പരിഗണിക്കും.ഖമറുദ്ദീനെതിരെ കൂടുതൽ പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ വിശദമായ ചോദ്യം ചെയ്യലിനും, കൂടുതൽ തെളിവുകൾ കണ്ടെത്തുന്നതിനുമാണ് കസ്റ്റഡി അപേക്ഷ നൽകുന്നതെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. അതേസമയം ഒളിവിൽ പോയ കൂട്ടുപ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ.ജുവലറി മാനേജിംഗ് ഡയറക്ടർ ടി.കെ. പൂക്കോയ തങ്ങൾ, മരുമകനും ജനറൽ മാനേജരുമായ സൈനുൽ ആബിദീൻ, തങ്ങളുടെ മകൻ ഇഷാം എന്നിവർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഒന്നാം പ്രതി പൂക്കോയ തങ്ങൾ ചോദ്യം ചെയ്യലിന് ഹാജരാകാതെ മുങ്ങി. ഇഷാം രണ്ടാഴ്ച മുമ്പ് ഗൾഫിലേക്ക് കടന്നതായി സൂചനയുണ്ട്. കേസിൽ പ്രതി ചേർക്കുന്നതിന് മുന്നോടിയായാണ് ജനറൽ മാനേജർ സൈനുൽ ആബിദിനെതിരെ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.