
രാജ്യത്ത് വായു മലിനീകരണം ഏറ്റവും രൂക്ഷമായത് ഉത്തര്‍ പ്രദേശിലെ ആഗ്രയില്‍. വായു ഗുണനിലവാര സൂചികയില്‍ (എക്യുഐ) 458 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിതീവ്ര മലിനീകരണമാണ് ആഗ്രയിലേത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുളള ഉത്തര്‍ പ്രദേശില്‍ പതിനൊന്ന് നഗരങ്ങളിലും വായു ഗുണനിലവാര സൂചികയില്‍ ഏറ്റവും മോശം (severe) അവസ്ഥയിലാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.
വായു ഗുണനിലവാര സൂചിക 401നും 500നും ഇടയില്‍ രേഖപ്പെടുത്തുകയാണെങ്കില്‍ ജനജീവിതംതന്നെ ദുസ്സഹമാണ് എന്നാണ് അര്‍ത്ഥം. ഇത് മനുഷ്യന്റെ ആരോഗ്യസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 300 മുതല്‍ 400 വരെയുളള എക്യുഐ വളരെ മോശം വിഭാഗത്തില്‍ പെടുന്നു. ബാഗ്പത്, ബുലന്ദ്ഷഹര്‍, മീററ്റ്, ഗാസിയാബാദ്, ഗ്രേറ്റര്‍ നോയിഡ, മുസാഫര്‍ നഗര്‍ എന്നിവിടങ്ങളിലാണ് സമാന രീതിയിലുളള വായു മലിനീകരണമുളളത്. ലക്നൗവില്‍ 392 ഉം കാണ്‍പൂരില്‍ 436 ഉം വായു നിലവാര സൂചികയില്‍ രേഖപ്പെടുത്തി. വാഹനങ്ങളില്‍ നിന്നുളള മലിനീകരണമാണ് കൂടുതല്‍ എന്ന് വായു മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.
ദീപാവലിക്കു മുന്നോടിയായുളള പടക്കങ്ങളുടെ ഉപയോഗം, വാഹനങ്ങളില്‍ നിന്നുളള പുക, യുപി. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിലെ തീപിടുത്തം, താപനിലയില്‍ അടുത്തിടെ ഉണ്ടായ ഇടിവ് എന്നിവയാണ് കഠിനമായ വായു മലിനീകരണമുണ്ടാവാനായി വിദഗ്ദര്‍ പറയുന്ന കാരണങ്ങള്‍. വായു മലിനീകരണം നിയന്ത്രിക്കാനുളള നടപടികള്‍ എടുക്കുന്നുണ്ടെന്നും അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന പൊതുജനങ്ങളില്‍ നിന്ന് പിഴ ഈടാക്കുന്നുണ്ടെന്നും ഇതുമൂലമുണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നുണ്ടെന്നും യുപി മലിനീകരണ നിയന്ത്രണ ബോര്‍ഡ് റീജിയണല്‍ ഓഫീസര്‍ റാം കരണ്‍ പറഞ്ഞു.