
ഭിന്നലിംഗക്കാരുടെ പരാതി പരിഹരിക്കുന്നതിൽ വിമുഖതയുണ്ടാകാൻ പാടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ കർശന നിർദേശം. എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും ഇതു സംബന്ധിച്ചുളള നിർദേശം അദ്ദേഹം കൈമാറി. പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഭിന്നലിംഗക്കാരോട് മോശമായ പെരുമാറ്റമോ വീഴ്ചയോ ഉണ്ടായാൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഭിന്നലിംഗത്തിൽപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതും സാമൂഹികവും സാമ്പത്തികവും സാംസ്ക്കാരികവുമായ ഉന്നമനത്തിന് അവരെ പ്രാപ്തരാക്കുന്നതും സർക്കാരിന്റെ ലക്ഷ്യമാണ്. അതിനാൽ തന്നെ നിർദേശം കർശനമായി പാലിക്കണമെന്നാണ് സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശം.ഭിന്നലിംഗ വിഭാഗത്തിൽപ്പെട്ടവരുടെ നീതിനിഷേധം സംബന്ധിച്ചോ അതിക്രമവുമായി ബന്ധപ്പെട്ടോ പരാതി നൽകിയാൽ അത് പരിശോധിച്ച് ഉടൻ തന്നെ നിയമനടപടി സ്വീകരിക്കണം. ഒരു കാരണവശാലും അവരോട് മോശമായി പെരുമാറാൻ പാടില്ല. പാർശ്വവത്കരിക്കപ്പെട്ട വിഭാഗം എന്ന നിലയിൽ ഭിന്നലിംഗത്തിൽപ്പെട്ടവരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും ജില്ലാ പൊലീസ് മേധാവിമാർക്ക് അയച്ച ഉത്തരവിൽ ബെഹ്റ വ്യക്തമാക്കുന്നു.