
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ തോൽവി ഇന്ത്യയ്ക്ക് തിരിച്ചടിയാവും എന്ന തരത്തിൽ വിശദീകരിക്കുന്ന നയതന്ത്ര വിദഗ്ദ്ധരുണ്ട്. ലഡാക്കിലെ ഗൽവാനിൽ ഇന്ത്യ ചൈന സംഘർഷം തുടങ്ങിയത് മുതൽ ചൈന വിരുദ്ധനായ ട്രംപ് കലവറയില്ലാത്ത പിന്തുണയാണ് ഇന്ത്യയ്ക്ക് നൽകിയിരുന്നത്. എന്നാൽ ട്രംപിന് തിരച്ചടി നേരിട്ടിട്ടും ചൈനയ്ക്കെതിരെ നടപടി ശക്തമാക്കുവാനാണ് ഇന്ത്യയുടെ നീക്കം. ചൈനയുമായി പ്രാദേശികമായി തർക്കം നേരിടുന്ന രാജ്യങ്ങളുമായുള്ള ബന്ധം ഊഷ്മളമാക്കുകയാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി ഫിലിപ്പീൻസുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് മുന്തിയ പ്രാധാന്യമാണ് ഇന്ത്യ നൽകുന്നത്.
ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി സഹകരണം സംബന്ധിച്ച സംയുക്ത കമ്മീഷന്റെ നാലാമത്തെ യോഗത്തിൽ ഇന്ത്യയ്ക്ക് വേണ്ടി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും ഫിലിപ്പീൻസ് വിദേശകാര്യ വകുപ്പ് സെക്രട്ടറി തിയോഡോറോലോക്സിനും പങ്കെടുത്തു. കിഴക്കൻ രാജ്യങ്ങളുമായി പ്രത്യേകിച്ച് ആസിയാൻ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യ രൂപം കൊടുത്തിട്ടുള്ള ആക്ട് ഈസ്റ്റ് പോളിസിയുടെ പോർമുന കൂർപ്പിക്കുവാൻ ഉദ്ദേശിച്ചുകൊണ്ടാണ് മോദി സർക്കാരിന്റെ പുതുനീക്കം. അമേരിക്കയുടെ സഖ്യകക്ഷി കൂടിയായ ഫിലിപ്പീൻസുമായി ഇന്ത്യയുടെ ബന്ധം ശക്തമാവുകയാണ്. ഇരു രാജ്യങ്ങളും തമ്മിൽ സൈനിക പ്രതിരോധ മേഖലയിലും സഹകരണം
ലക്ഷ്യമിടുന്നുണ്ട്.
ഇന്ത്യയുടെ കരുത്തേറിയ ബ്രഹ്മോസ് മിസൈലുകൾ സ്വന്തമാക്കാൻ ഏറെ ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ള രാജ്യം കൂടിയാണ് ഫിലിപ്പീൻസ്. 2019ൽ ഇതു സംബന്ധിച്ച് ഇരു രാജ്യങ്ങളും പ്രാഥമിക ചർച്ചകൾ നടത്തിയെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ തുടർ ചർച്ചകൾ നീണ്ടു പോവുകയായിരുന്നു. മറ്റൊരു ആസിയാൻ രാജ്യമായ വിയറ്റ്നാമും ബ്രഹ്മോസ് മിസൈൽ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും ചൈനയുമായി സമുദ്രാതിർത്തി തർക്കങ്ങൾ നിലനിൽക്കുന്നതിനാൽ ബ്രഹ്മോസ് മിസൈൽ കൈമാറ്റത്തെ ഏറ്റവും ഉത്കണ്ഠയോടെ കാണുന്നത് ചൈനയാണെന്നതിൽ തർക്കമില്ല.