
ബംഗളൂരു ലഹരിക്കടത്ത് കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയെ തുടർച്ചയായ 12ാം ദിവസവും ചോദ്യം ചോദ്യം ചെയ്യുകയാണ്. ബിനാമികൾ വഴി നിയന്ത്രിച്ച ബിനീഷിന്റെ സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ചോദ്യം ചെയ്യൽ.
കസ്റ്റഡിയിലിരിക്കെ ബിനീഷ് ഫോൺ ഉപയോഗിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഇ.ഡി പൊലീസ് സ്റ്റേഷൻ മാറ്റി. ഇതുവരെ കഴിഞ്ഞിരുന്ന വിൽസൺ ഗാർഡൻ പൊലീസ് സ്റ്റേഷനിൽ നിന്നും കബൻ പാർക്ക് സ്റ്റേഷനിലേക്കാണ് ബിനീഷിനെ മാറ്റിയത്. പൊലീസുകാരുടെ ഫോൺ ഉപയോഗിച്ച് നിരവധിയാളുകളെ ബിനീഷ് വിളിച്ചുവെന്നാണ് ഇഡി പറയുന്നത്. ബിനീഷിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയ ഡെബിറ്റ് കാർഡിന്റെ വിവരങ്ങളും ഇ.ഡി ശേഖരിച്ചിട്ടുണ്ട്. ബുധനാഴ്ച വരെയാണ് ബിനീഷ് കസ്റ്റഡിയിൽ തുടരുക.