0 Comments

സഹോദരിയുടെ ദുരൂഹ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സംവിധായകൻ സനൽകുമാർ ശശിധരൻ ഡിജിപിയ്ക്ക് പരാതി നൽകി. തന്റെ പിതാവിന്റെ സഹോദരിയുടെ മകളായ സന്ധ്യയുടെ മരണവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം പരാതി നൽകിയത്.സന്ധ്യയുടെ മരണത്തിന് കേരളത്തിലെ അവയവ കച്ചവട മാഫിയയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി അദ്ദേഹം പരാതിയിൽ പറഞ്ഞു . മൃതദേഹം രണ്ട് ദിവസമാണ് പോസ്റ്റുമോർട്ടം ചെയ്യാതെ സൂക്ഷിച്ചതെന്നും, പോസ്റ്റുമോർട്ടം നടക്കുമ്പോൾ ഡോക്ടറുടെ സാന്നിദ്ധ്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചിരുന്നു.

അസുഖം വന്ന് മരിച്ചുവെന്ന് പറയുന്ന സന്ധ്യയുടെ മൃതദേഹത്തിൽ വലതു കൈത്തണ്ടയിൽ ചതവുപോലുളള ഒരു പാടും, ഇടത് കണ്ണിനു താഴെയായി ചോരപ്പാടും, കഴുത്തിൽ വരഞ്ഞപോലുള്ള പാടും ഉണ്ടായിരുന്നു. അതിന്റെ ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ അവിടെയുണ്ടായിരുന്ന പൊലീസുകാർ തന്നെ ബലം പ്രയോഗിച്ച് പുറത്താക്കിയെന്നും സംവിധായകൻ ആരോപിക്കുന്നു.

നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കൊവിഡ് നെഗറ്റീവായിരുന്നുവെങ്കിൽ, മെഡിക്കൽ കേളേജിലേക്ക് എത്തുമ്പോൾ സന്ധ്യയുടെ പരിശോധനാ ഫലം കൊവിഡ് പോസിറ്റീവായി. മൃതദേഹം ദഹിപ്പിച്ചാൽ എല്ലാ തെളിവുകളും നശിക്കുമെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു. അതോടൊപ്പം 2018ൽ സന്ധ്യ തന്റെ കരൾ രഹസ്യമായി 10 ലക്ഷം രൂപയ്ക്ക് ഒരാൾക്ക് വിറ്റു എന്നാണ് അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞതെന്നും,എഴുത്തും വായനയും അറിയാത്ത സന്ധ്യ ഒറ്റയ്ക്ക് എറണാകുളത്ത് ആസ്റ്റർ മെഡിസിറ്റിയിൽ എത്തി എന്ന് പറയുന്നത് വിശ്വസനീയമല്ലെന്നും അദ്ദേഹം പറയുന്നു.

മരണപ്പെട്ട സന്ധ്യയ്ക്ക് കിഡ്‌നി സംബന്ധമായതും, ഹൃദയ സംബന്ധമായതുമായ ആരോഗ്യപ്രശ്‌നങ്ങൾ ഉളളതായി തനിക്കറിയാം. ആ അവസരത്തിൽ എങ്ങനെ ഇത്തരം ഒരു ശസ്ത്രക്രിയയ്ക്ക് ആശുപത്രി അധികൃതർ സമ്മതിച്ചു എന്ന് ചോദിച്ചപ്പോൾ അവർ നടത്തിയ സ്‌കാനിംഗുകളിലും ടെസ്റ്റുകളിലും ഒന്നും പ്രശ്‌നങ്ങൾ ഇല്ലായിരുന്നതായി ഡോക്ടർമാർ പറഞ്ഞു എന്നാണ് മകൾ പറയുന്നതെന്നും സനൽകുമാർ ശശിധരൻ പറയുന്നു

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *