
കള്ളപ്പണം വെളുപ്പിച്ച കേസിൽ എൻഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിലുള്ള എം.ശിവശങ്കർ സ്വപ്നയുമൊത്ത് നടത്തിയ വിദേശയാത്രകളെക്കുറിച്ച് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അന്വേഷണംആരംഭിച്ചു. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വിദേശത്തേക്ക് നിയമവിരുദ്ധമായി 1.90 ലക്ഷം കറൻസി കടത്തിയതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണിത്. പരിധിയിൽ കവിഞ്ഞ് ഡോളർ ലഭിക്കാൻ ബാങ്ക് ഉദ്യോഗസ്ഥരിൽ ശിവശങ്കർ സമ്മർദ്ദം ചെലുത്തിയെന്നും അദ്ദേഹത്തിന്റെ നിരന്തര ഇടപെടൽ കാരണമാണ് ഡോളർ കൈമാറിയതെന്നും കസ്റ്റംസ് കണ്ടെത്തിയിരുന്നു.ഡോളർ കടത്തിയ കാര്യം സ്വപ്ന തന്നെ അന്വേഷണ ഏജൻസികളോടു സമ്മതിച്ചിരുന്നു.ഫ്ളാറ്റ് നിർമ്മാണത്തിന് റെഡ് ക്രസന്റ് നൽകിയ 3.20 കോടിയുടെ ആദ്യഗഡു കരമന ആക്സിസ് ബാങ്കിലെ അക്കൗണ്ടിൽ നിന്ന് പിൻവലിച്ച് ഡോളറാക്കി കോൺസലേറ്റ് അക്കൗണ്ടന്റായിരുന്ന ഈജിപ്ഷ്യൻ പൗരൻ ഖാലിദ് വിദേശത്തേക്ക് കടത്തിയെന്നും സ്വപ്ന മൊഴി നൽകിയിരുന്നു. 2019 ആഗസ്റ്റ് മൂന്നിന് കവടിയാറിൽ വച്ച് ഖാലിദിന് പണം കൈമാറിയെന്നാണ് യൂണിടാക് ഉടമ സന്തോഷ് ഈപ്പനും മൊഴി നൽകി. ഖാലിദാണ് മസ്കറ്റ് വഴി ഈ പണം ഈജിപ്റ്റിലേക്ക് കൊണ്ടുപോയത്. ഇതേക്കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നുവെന്നും കസ്റ്റംസ് പറയുന്നു.ഈ യാത്രയിൽ ശിവശങ്കറും സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, യു.എ.ഇ കോൺസുലേറ്റ് മുൻ പി.ആർ.ഒ പി.എസ്.സരിത്ത് എന്നിവരും മസ്കറ്റ് വരെ ഖാലിദിനൊപ്പം ഉണ്ടായിരുന്നു. സ്വകാര്യ പാസ്പോർട്ട് ഉപയോഗിച്ചാണ് ശിവശങ്കർ 14 വിദേശ യാത്രകൾ നടത്തിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിലുൾപ്പെട്ട ഔദ്യോഗിക യാത്രകൾക്കും സ്വകാര്യ പാസ്പോർട്ടാണ് ഉപയോഗിച്ചത്. ഐ.എ.എസ് ഉദ്യോഗസ്ഥർ ഔദ്യോഗിക യാത്രകൾക്ക് ഔദ്യോഗിക പാസ്പോർട്ടാണ് ഉപയോഗിക്കാറുള്ളത്. യാത്രകളിലേറെയും ദുബായിലേക്കായിരുന്നു. ഇവയ്ക്ക് ആരാണ് അനുമതി നൽകിയതെന്നും അവിടെ ആരെയൊക്കെ കണ്ടെന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. 14 യാത്രകളിൽ ആറെണ്ണത്തിലും സ്വർണക്കടത്തു കേസിലെ രണ്ടാംപ്രതി സ്വപ്ന സുരേഷ് ശിവശങ്കറിനൊപ്പം ഉണ്ടായിരുന്നു.