
ഐ.പി.എല്‍ ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടാനൊരുങ്ങുന്ന മുംബൈ ഇന്ത്യന്‍സിന് ആവേശമായി സച്ചിന് ടെണ്ടുല്‍ക്കറുടെ വാക്കുകള്‍. മുംബൈ ഇന്ത്യന്‍സിനായി നിങ്ങള്‍ കളിക്കാനിറങ്ങുമ്പോള്‍ നിങ്ങള്‍ ഒറ്റക്കല്ല, എല്ലാ ശക്തിയും നിങ്ങളെ പന്തുണക്കാന്‍ ഒപ്പമുണ്ടാകുമെന്ന് സച്ചിന് വീഡിയോയിലൂടെ പറഞ്ഞു. മുംബൈ ഇന്ത്യന്‍സിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് സച്ചിന്റെ വാക്കുകള്‍ പുറത്ത് വന്നത്.
ഏറ്റവും പ്രധാനപ്പെട്ട കാര്യം, നമ്മള് ഒരു കുടുംബമാണ് എന്നതാണ്. ടൂര്‍ണമെന്റിലെ ഇറക്ക കയറ്റങ്ങളില്‍ ഒരുമിച്ച് നില്‍ക്കുന്നവരാണ്. കളിയിലായാലും ജീവിതത്തിലായാലും പ്രതിസന്ധികളുണ്ടാകും. അതുപോലുള്ള സമയങ്ങളില്‍ ഏവരും ഒരുമിച്ച് നില്ക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഓണര്‍മാര്‍ മുതല്‍ സപ്പോര്‍ട്ടിങ് സ്റ്റാഫ് വരെ നിങ്ങളെ പിന്തുണക്കുന്നുണ്ട് എന്നത് വലിയ കാര്യമാണ്. അതുകൊണ്ടുതന്നെ, മുംബൈ ഇന്ത്യന്‍സിനായി നിങ്ങള്‍ കളിക്കാനിറങ്ങുമ്പോള്‍ നിങ്ങള്‍ ഒറ്റക്കല്ല, എല്ലാ ശക്തിയും നിങ്ങള്‍ക്കൊപ്പമുണ്ട്. സച്ചിന് പറഞ്ഞു.
18 പോയിന്റുമായി പട്ടികയില്‍ ഒന്നാമതായാണ് മുംബൈ പ്ലേ ഓഫീലേക്ക് എത്തിയത്. ഒന്നാം ക്വാളിഫയറില്‍ ഡല്‍ഹിക്കെതിരെ ആധികാരിക ജയം നേടി ഫൈനലിലേക്കും ടീം പ്രവേശിച്ചു. ഫൈനലില്‍ ഡല്‍ഹി തന്നെ എതിരാളികളായി എത്തുമ്പോഴും മുന്‍തൂക്കം മുംബൈക്ക് തന്നെയാണ്.