
വോട്ടെണ്ണൽ പുരോഗമിക്കുന്ന ബിഹാറിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (EVM) ഹാക്ക് ചെയ്യപ്പെട്ടുവെന്ന് പ്ലൂറൽസ് പാർട്ടി മേധാവി പുഷ്പം പ്രിയ ചൗധരി. ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്നും പുഷ്പം പ്രിയ പറഞ്ഞു. എല്ലാ ബൂത്തുകളിലും പ്ലൂറൽസ് പാർട്ടിക്ക് അനുകൂലമായി ചെയ്ത വോട്ടുകൾ എൻ.ഡി.എലേക്ക് മാറ്റിയതായി അവർ ആരോപിച്ചു. പട്നയിലെ ബങ്കിപൂർ, മധുബാനി ജില്ലയിലെ ബിസ്ഫി എന്നീ രണ്ട് സീറ്റുകളിൽ നിന്നാണ് പുഷ്പം ചൗധരി തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.
“ബിഹാറിൽ ഇ.വി.എം ഹാക്ക് ചെയ്യപ്പെട്ടു. ഓരോ ബൂത്തുകളിലേയും വോട്ടുനില നോക്കുക. പ്ലൂറല്‍സ് വോട്ടുകൾ മോഷ്ടിക്കപ്പെട്ടു. ബി.ജെ.പി തെരഞ്ഞെടുപ്പില്‍ വന്‍ കൃത്രിമം നടത്തി. ഓരോ ബൂത്തിലേയും പ്ലൂറല്‍സ് വോട്ടുകള്‍ എന്‍.ഡി.എയിലേക്ക് മാറ്റുകയാണ് ചെയ്തത്.” – പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കൂടിയായ പുഷ്പം പ്രിയ പറഞ്ഞു. ഇതേസമയം, ഇ.വി.എമ്മുകളില്‍ കൃത്രിമം നടന്നിട്ടില്ലെന്നും നടത്താന്‍ കഴിയില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. “ഇ.വി.എമ്മുകൾ സുതാര്യവും വിശ്വാസ്യയോഗ്യവുമാണെന്ന് വീണ്ടും വീണ്ടും വ്യക്തമാക്കിയിട്ടുണ്ട്. ഒന്നിലധികം തവണ ഇ.വി.എമ്മുകളുടെ സമഗ്രത സുപ്രിംകോടതി ശരിവെച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് 2017 ലും ഇ.വി.എം ചലഞ്ച് വാഗ്ദാനം ചെയ്തിരുന്നു. ഇ.വി.എമ്മുകളുടെ സമഗ്രതയില്‍ സംശയമില്ല, കൂടുതൽ വ്യക്തത വരുത്തേണ്ട ആവശ്യമില്ല,” ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ സുദീപ് ജെയിൻ പറഞ്ഞു.