
തൃശ്ശൂർ :-ആസന്നമായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ നാലു സഹോദരങ്ങൾ മത്സരരംഗത്ത് അണിനിരക്കുന്നത് ശ്രദ്ധേയമാവുകയാണ്,സിപിഎം മണലൂർ ഏരിയാ കമ്മറ്റി അംഗവും, കർഷകസംഘം ജില്ലാകമ്മറ്റിയംഗവുമായിരുന്ന, പരേതനായ കണ്ടശംകടവ് വടശേരി നാരായണന്റെ നാലുമക്കളാണ് ഇത്തവണ എൽഡിഎഫ് സ്ഥാനാർഥികളായി മത്സരരംഗത്തുള്ളത്.
തൃശൂർ ജില്ലാപഞ്ചായത്തിലേക്ക് അന്തിക്കാട് ഡിവിഷനിൽ നിന്ന് മത്സരിക്കുന്ന വി. എൻ. സുർജിത്ത്,അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിലേക്ക് പഴുവിൽ ഡിവിഷനിൽ നിന്ന് ജനവിധി തേടുന്ന രജനി തിലകൻ, അന്തിക്കാട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ നിന്ന് മത്സരിക്കുന്ന മേനക മധു, വാടാനപ്പള്ളി പഞ്ചായത്ത് മൂന്നാം വാർഡിൽ മത്സരരംഗത്തുള്ള ഷീബ ചന്ദ്രബോസ്, എന്നിവരാണ് മത്സരരംഗത്തുള്ള ഈ സഹോദരങ്ങൾ, ഇവരിൽ സുർജിത് ഒഴികെയുള്ളവർ തിരഞ്ഞെടുപ്പ് ഗോദയിൽ പുതുമുഖങ്ങളാണ്, ഡിവൈഎഫ്ഐ മുൻ സംസ്ഥാനകമ്മറ്റി അംഗമായിരുന്ന സുർജിത് മണലൂർ പഞ്ചായത്ത് പ്രസിഡന്റ് പദവി വഹിച്ചിരുന്നു. ഈ നാലു സഹോദരങ്ങളും തികഞ്ഞ വിജയപ്രതീക്ഷയിൽ തന്നെയാണ് തിരഞ്ഞെടുപ്പ് പ്രചരണരംഗത്ത് മുന്നോട്ട് പോകുന്നത്.