
ന്യൂയോര്‍ക്ക്: ബാല്യകാലത്തെ ചില സ്മരണകള്‍ മൂലം ഇന്ത്യയ്ക്ക് മനസില്‍ പ്രത്യേക സ്ഥാനമുണ്ടെന്ന് വ്യക്തമാക്കി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. ബാല്യകാലം ചെലവഴിച്ചത് ഇന്തോനേഷ്യയിൽ ആയതിനാൽ താൻ വളർന്നത് രാമായണത്തിലേയും മഹാഭാരതത്തിലേയും കഥകൾ കേട്ടാണെന്നും അതുകൊണ്ടു തന്നെ എല്ലാക്കാലത്തും ഇന്ത്യയ്ക്ക് തന്റെ മനസിൽ ഒരു പ്രത്യേക സ്ഥാനമുണ്ടെന്നും ബരാക് ഒബാമ.
“ലോക ജനസംഖ്യയുടെ ആറിലൊന്ന്, ഏകദേശം രണ്ടായിരം വ്യത്യസ്ത വംശീയ വിഭാഗങ്ങൾ, എഴുനൂറിലധികം ഭാഷകൾ സംസാരിക്കുന്ന അതിന്റെ (ഇന്ത്യ) വലുപ്പമായിരിക്കാം ഇത്,” ഒബാമ തന്റെ ഏറ്റവും പുതിയ പുസ്തകമായ ‘എ പ്രോമിസ്ഡ് ലാന്റി’ൽ പറയുന്നു.
2010 ലെ പ്രസിഡന്റ് സന്ദർശനത്തിന് മുമ്പ് താൻ ഒരിക്കലും ഇന്ത്യയിൽ പോയിട്ടില്ലെന്നും എന്നാൽ “എന്റെ ഭാവനയിൽ രാജ്യം എല്ലാക്കാലത്തും ഒരു പ്രത്യേക സ്ഥാനം വഹിച്ചിരുന്നു” എന്നും ഒബാമ പറയുന്നു.
“എന്റെ കുട്ടിക്കാലത്തിന്റെ ഒരു ഭാഗം ഇന്തോനേഷ്യയിൽ രാമായണത്തിലെയും മഹാഭാരതത്തിലെയും ഇതിഹാസ കഥകൾ കേട്ടു വളർന്നതിനാലാകാം, അല്ലെങ്കിൽ ഈസ്റ്റേൺ മതങ്ങളോടുള്ള എന്റെ താൽപര്യം കൊണ്ടോ അല്ലെങ്കിൽ ഒരു കൂട്ടം പാകിസ്താൻ, ഇന്ത്യൻ കോളേജ് സുഹൃത്തുക്കൾ കാരണമോ ആയിരിക്കാം. ദാലും കീമയും പാചകം ചെയ്യാൻ എന്നെ പഠിപ്പിക്കുകയും ബോളിവുഡ് സിനിമകളിലേക്ക് എന്റെ ശ്രദ്ധ തിരിക്കുകയും ചെയ്തു,” പുസ്തകത്തിൽ ഒബാമ പറയുന്നു. പുസ്തകത്തിൽ, 2008 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തന്റെ ആദ്യ കാലാവധിയുടെ അവസാനകാലം വരെയുള്ള ദിനങ്ങളും, അൽ-ക്വയ്ദ മേധാവി ഒസാമ ബിൻ ലാദനെ വധിച്ച ഓപ്പറേഷനും ഉൾപ്പെടെ ഒബാമ പറയുന്നു.