
“നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ” മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റിൽ പ്രതികരിച്ച് മന്ത്രി കെ. ടി ജലീൽ. മഹാകവി ഉള്ളൂർ എസ്.പരമേശ്വരയ്യരുടെ വരികളാണ് കെ.ടി ജലീൽ ചൊല്ലിയത്. ‘നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ’ എന്നാണ് ഇബ്രാഹിംകുഞ്ഞിൻറെ അറസ്റ്റിനെക്കുറിച്ച് ജലീൽ പ്രതികരിച്ചത്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ മന്ത്രി തയ്യാറായില്ല. ഇന്ന് രാവിലെ 10.25 നാണ് ഇബ്രാഹിംകുഞ്ഞിനെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിൽ എത്തിയാണ് വിജിലൻസ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. ഇബ്രാഹിംകുഞ്ഞിനെ വീഡിയോ കോൺഫറൻസ് വഴിയായിരിക്കും വൈകുന്നേരത്തോടെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുക. മാർച്ച് മാസത്തിൽ നടത്തിയ പരിശോധനയിൽ ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിൽ നിന്ന് നാലര കോടി രൂപയുടെ രസീത് വിജിലൻസ് കണ്ടെത്തിയിരുന്നു. നോട്ടു നിരോധന സമയത്ത് ഈ പണം ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടിലേയ്ക്ക് അയച്ചതായാണ് കണ്ടെത്തിയത്. പഞ്ചാബ് നാഷണൽ ബാങ്കിന്റെ മാർക്കറ്റ് റോഡ് ശാഖയിൽ നിന്നാണ് പണം അയച്ചത്. ഇത് കള്ളപ്പണമാണെന്ന് വിജിലൻസിന് വ്യക്തമായിട്ടുണ്ട്. ഈ പണം പാലാരിവട്ടം മേൽപ്പാലം അഴിമതിയിലൂടെ ലഭിച്ച പണമാണെന്നാണ് വിജിലൻസിൻ്റെ കണ്ടെത്തൽ. പാലത്തിന്റെ കരാറിന് മുൻകൂർ പണം അനുവദിച്ചതിലും അഴിമതിയുണ്ടെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.