
പാലാരിവട്ടം പാലം അഴിമതിക്കേസിൽ വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷിനേയും പ്രതി ചേർത്തു. അനധികൃതമായി വായ്പ നൽകാൻ കൂട്ടുനിന്നെന്ന കേസിലാണ് ഹനീഷ് പ്രതിയായത്. കേസിലെ പത്താം പ്രതിയായാണ് മുഹമ്മദ് ഹനീഷിനെ പ്രതിചേർത്തിരിക്കുന്നത്. കിറ്റ്കോ കൺസൾട്ടൻസിയിലെ എം.എസ്.ഷാലിമാർ, നിഷ തങ്കച്ചി, ബംഗളൂരു നാഗേഷ് കൺസൾട്ടൻസിയിലെ എച്ച്.എൽ. മഞ്ജുനാഥ്, സോമരാജൻ എന്നിവരെയും കേസിൽ പ്രതി ചേർത്തു.
അതേസമയം, പാലാരിവട്ടം പാലം അഴിമതിക്കേസിൽ ഇന്നലെ അറസ്റ്റിലായ മുൻമന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന വിജിലൻസിൻ്റെ അപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. നാല് ദിവസത്തേക്ക് ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടാണ് വിജിലൻസ് കോടതിയെ സമീപിച്ചത്. രോഗം മൂർച്ഛിച്ചതിനാൽ ഡിസ്ചാർജ് ചെയ്യാൻ ആശുപത്രി അധികൃതർ തയാറായിട്ടില്ല. നിലവിൽ ഇബ്രാഹിംകുഞ്ഞ് ജുഡീഷ്യൽ കസ്റ്റഡിയിലാണ്.