
സ്വപ്നയുടെ ശബ്ദ സന്ദേശം പുറത്തു വന്ന സാഹചര്യത്തിൽ സ്വപ്നയെ ജയിലിൽ സന്ദർശിച്ചവരുടെ വിവരങ്ങൾ പുറത്ത് വിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അന്വേഷണ ഏജൻസിക്കെതിരായ സ്വപ്നയുടെ ശബ്ദരേഖ എങ്ങനെ പുറത്ത് വന്നുവെന്ന് ജയിൽ ഡിജിപി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ആളുകളാണ് ശബ്ദരേഖ ജയിലിൽ നിന്ന് പുറത്തെത്തിച്ചതെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ്റെ ആരോപണം . സ്വപ്നയെ ജയിലിൽ കണ്ടത് ആരൊക്കെയെന്ന് വ്യക്തമാക്കണെന്നും ജയിലിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിടണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷിനെ ജയിലിൽ അനധികൃതമായി ആളുകൾ സന്ദർശിക്കുന്നെന്ന ആരോപണത്തിൽ മാറ്റമില്ലെന്നും കെ സുരേന്ദ്രൻവ്യക്തമാക്കി.
സ്വപ്ന സുരേഷിന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കുമായി ബന്ധമുണ്ടെന്ന് പറഞ്ഞ സുരേന്ദ്രൻ മസാല ബോണ്ട് അഴിമതി ഉടൻ പുറത്ത് വരുമെന്നും അഭിപ്രായപ്പെട്ടു .
അതേസമയം പുറത്തുവന്ന ശബ്ദം തന്റേതാണെന്ന് ഡിഐജി അജയകുമാറിനോട് സ്വപ്ന പറഞ്ഞിട്ടുണ്ട്. എപ്പോഴാണ് ഇത് റെക്കോര്‍ഡ് ചെയ്തതെന്ന് ഓര്‍മ്മയില്ലെന്നാണ് സ്വപ്ന പറഞ്ഞതെന്നും ഡിഐജി വ്യക്തമാക്കി. സ്വപ്ന സുരേഷിന്റേതെന്ന പേരിൽ ശബ്ദരേഖ പ്രചരിക്കുന്ന സംഭവത്തിൽ അന്വേഷണം നടത്താൻ ജയിൽ ഡിജിപി ഋഷിരാജ് സിംഗായിരുന്നു നിർദേശം നൽകിയത്.