0 Comments

അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുകൊണ്ട് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി  സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ്. മുഖ്യമന്ത്രിയെ ലക്ഷ്യമാക്കിയുള്ള നീക്കങ്ങളുടെ ഉദാഹരണങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും, പ്രതികളെ മാപ്പുസാക്ഷിയാക്കാമെന്ന് പ്രലോഭിപ്പിച്ചും സമ്മർദം ചെലുത്തിയും രാഷ്ട്രീയ താൽപര്യങ്ങൾ നടപ്പാക്കാൻ ശ്രമിക്കുകയാണെന്നും സി.പി.എം. വാർത്താക്കുറിപ്പിലൂടെ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിനെ ലക്ഷ്യം വെച്ചു കൊണ്ട് അന്വേഷണ ഏജൻസികൾ പ്രവർത്തിക്കുന്നുവെന്നും ഇത്തരം  നീക്കങ്ങളുടെ  തെളിവായാണ് സ്വപ്നയുടെ മൊഴി ഇപ്പോൾ പുറത്തെത്തിയിരിക്കുന്നതെന്നും വാർത്താക്കുറിപ്പിൽ സി.പി.എം അഭിപ്രായപ്പെട്ടു. സർക്കാരിനെ രാഷ്ട്രീയപരമായും ഭരണപരമായും എതിർക്കാൻ കഴിയാത്ത യു.ഡി.എഫ്.- ബി.ജെ.പി. കൂട്ടുകെട്ടിന് ആയുധങ്ങൾ നൽകുകയാണ്   അന്വേഷണ ഏജൻസികൾ ചെയ്യുന്നതെന്നും സി.പി.എം. പറയുന്നു.

കഴിഞ്ഞ ദിവസം സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻ്റെ ശബ്ദരേഖ  മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇതിൻ്റെ ഭാഗമായാണ് ശക്തമായ ഒരു പ്രതികരണത്തിന് സി.പി.എം. തയ്യാറായിരിക്കുന്നത്. ഇപ്പോൾ സ്വപ്നയുടേതായി പുറത്തുവന്നിരിക്കുന്ന ശബ്ദരേഖ സി.പി.എം.ൻ്റെ ആരോപണങ്ങളെ ശരിവെക്കുന്നതാണ്.

രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ തൻ്റെമേൽ സമ്മർദമുണ്ടെന്ന് നേരത്തെ എം.ശിവശങ്കർ കോടതിയിൽ പറഞ്ഞിരുന്നു. ഇതെല്ലാം വ്യക്തമാക്കുന്നത് മുഖ്യമന്ത്രിയെയും സർക്കാരിനെയും ലക്ഷ്യം വെച്ചുള്ള അന്വേഷണ പ്രഹസനവും തിരക്കഥയ്ക്ക് അനുസരിച്ചുള്ള അന്വേഷണ ഏജൻസികളുടെ പ്രവർത്തനവും ആണെന്നാണ് സി.പി.എം. പ്രസ്താവനയിൽ പറയുന്നത്.

ഇത് ജനാധിപത്യത്തോടും നിയമസംവിധാനത്തോടുമുള്ള വെല്ലുവിളിയാണെന്നും ഈ സാഹചര്യത്തിൽ അന്വേഷണ ഏജൻസികളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് എതിരെ ശക്തമായി രംഗത്തുവരാൻ ജനങ്ങൾ തയ്യാറകണമെന്നും സി.പി.എം.ആഹ്വനം ചെയ്യുന്നു . കൂടാതെ എൽ.ഡി.എഫും സി.പി.എമ്മും ഇതിനെതിരെ ശക്തമായി രംഗത്തുവരുമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു .

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!