
മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ സാഹചര്യത്തിൽ ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാൻ അമ്മ യോഗത്തിൽ തീരുമാനം. ബിനീഷ് കോടിയേരിയെ അമ്മയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം യോഗത്തിന്റെ ആരംഭത്തിൽ തന്നെ ഉയർന്നിരുന്നു.
‘അമ്മ’ പ്രസിഡന്റ് മോഹൻലാലിൻ്റെ നേതൃത്വത്തിലാണ് കൊച്ചിയിൽ എക്സിക്യൂട്ടീവ് യോഗം ചേർന്നത്. എക്സിക്യുട്ടീവ് യോഗം ബിനീഷിനോട് വിശീകരണം തേടാൻ തീരുമാനിച്ചു. യോഗം നടി പാർവതി തിരുവോത്തിൻ്റെ അമ്മയിൽ നിന്നുളള രാജിയും അംഗീകരിച്ചു.
അമ്മ എക്സിക്യൂട്ടീവ് അംഗമായ ബാബുരാജ് ബിനീഷ് കോടിയേരിയുടെ അംഗത്വം റദ്ദാക്കൽ, ഇടവേള ബാബു അക്രമത്തിനിരയായ നടിക്കെതിരായി നടത്തിയ പരാമർശം, പാർവതിയുടെ രാജി, ഗണേഷ് കുമാർ എം.എൽ.എയുടെ പി.എയുമായി ബന്ധപ്പെട്ട വിഷയം എന്നിവ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് യോഗത്തിന് മുമ്പ് വ്യക്തമാക്കിയിരുന്നു.
2009 മുതൽ ബിനീഷ് കോടിയേരിക്ക് ‘അമ്മ’യിൽആജീവനാന്ത അംഗത്വമുണ്ട്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കിയ സാഹചര്യം ഉണ്ടായിരുന്നു. സംഘടനയിലെ രണ്ട് അംഗങ്ങൾക്ക് രണ്ട് നീതി എന്ന നിലയിൽ മുന്നോട്ട് പോകാൻ കഴിയില്ല എന്നതുകൊണ്ടുതന്നെ ദിലീപിനെതിരേ സ്വീകരിച്ച അതേ നടപടി അറസ്റ്റ്ലായ സാഹചര്യത്തിൽ ബിനീഷിനെതിരേയും സ്വീകരിക്കണമെന്നാണ് യോഗത്തിൽ ഉയർന്നുവന്ന ആവശ്യം.’അമ്മ’യുടെ നിയമാവലി അനുസരിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റിക്കാണ് അംഗങ്ങളെ പുറത്താക്കാൻ അനുവാദമുളളത്.