
ബിവറേജസ് കോർപ്പറേഷൻ മദ്യവിൽപ്പനശാലകളിൽ ടോക്കൺ ഇല്ലാതെ മദ്യവിതരണം നടത്താനുള്ള ഉത്തരവിറങ്ങി. ബെവ്ക്യു ആപ്പ് തകരാറായതിനെത്തുടർന്നാണ് ഉത്തരവ്. ടോക്കൺ ഇല്ലാതെ മദ്യവിൽപ്പന നടത്താമെന്നു മുൻപുതന്നെ ജീവനക്കാർക്ക് വാക്കാൽ നിർദേശം നൽകിയിരുന്നു. എന്നാൽ, ഇത് അംഗീകരിച്ചില്ലെന്നുമാത്രമല്ല വ്യക്തമായ ഉത്തരവ് നൽകാതെ ടോക്കണില്ലാതെ മദ്യം നൽകില്ലെന്ന നിലപാടിലായിരുന്നു ജീവനക്കാർ.
ബാറുകളിൽ മദ്യവിൽപ്പന കൂടുകയും ബിവറേജസ് ശാലകളിൽ വിൽപ്പന കുറയുകയും ചെയ്തതിനെത്തുടർന്ന് ടോക്കൺ ഒഴിവാക്കുന്നതിനെ പറ്റി മുൻപ് തന്നെ ആലോചിച്ചിരുന്നു. ഇതിനിടയിലാണ് ആപ്പ് തകരാറിലായത്. മദ്യവിൽപ്പന കമ്പനികളുടെ സമ്മർദവും ടോക്കൺ ഒഴിവാക്കുന്നതിനു പിന്നിലുണ്ടെന്നും ആരോപണമുണ്ട്.