
ഒരുദിവസം കറാച്ചി ഇന്ത്യയുടെ ഭാഗമാകുമെന്നും അവിഭക്ത ഇന്ത്യയിലാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും ബിജെപി നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായിരുന്ന ദേവേന്ദ്ര ഫഡ്നാവിസ്. മുംബൈയില്‍ മധുരപലഹാരക്കടയുടെ പേരില്‍ നിന്ന് ‘കറാച്ചി’ എന്ന വാക്ക് ഒഴിവാക്കണമെന്ന് ശിവസേന പ്രവര്‍ത്തകർ ആവശ്യപ്പെട്ട സംഭവത്തെക്കുറിച്ചുള്ള പ്രതികരണമായാണ് ദേവേന്ദ്ര ഫഡ്നാവിസ് ഇങ്ങനെ പറഞ്ഞത്
ഞങ്ങള്‍ അഖണ്ഡ ഭാരതത്തിൽ (അവിഭക്ത ഇന്ത്യ) വിശ്വസിക്കുന്നു. ഒരു ദിവസം കറാച്ചി ഇന്ത്യയുടെ ഭാഗമാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.’- ദേവേന്ദ്ര ഫഡ്നവിസ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
നേരത്തെ, ബാന്ദ്രയിലെ പ്രശസ്തമായ കറാച്ചി സ്വീറ്റ് ഷോപ്പിന്റെ ഉടമയോട് അതിന്റെ പേര് മാറ്റണമെന്ന് ശിവസേന പ്രവര്ത്തകന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതിനെ തള്ളി ശിവസേന നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തിയിരുന്നു. ഇത് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്ന് അദ്ദേഹം പറഞ്ഞു.
കറാച്ചി സ്വീറ്റ്സീനും കറാച്ചി ബേക്കറിക്കും 60 വര്‍ഷത്തെ പാരമ്പര്യമുണ്ടെന്നും . അവര്‍ക്ക് പാകിസ്താനുമായി യാതൊരു ബന്ധവുമില്ലെന്നും റാവത്ത് പറഞ്ഞു. ഇപ്പോള്‍ പേര് മാറ്റാന്‍ ആവശ്യപ്പെടുന്നതില്‍ അര്‍ത്ഥമില്ലെന്നും ഇത് ശിവസേനയുടെ ഔദ്യോഗിക നിലപാടല്ലെന്നും റാവത്ത് കൂട്ടിച്ചേർത്തു.