
സൈബർ അധിക്ഷേപം നിയന്ത്രിക്കാൻ പൊലീസിന് കൂടുതൽ അധികാരം നൽകുന്ന നിയമ ഭേദഗതിക്ക് ഗവർണറുടെ അംഗീകാരം.ഐ.ടി ആക്ടിലും കേരള പൊലീസ് ആക്ടിലും പര്യാപതമായ വകുപ്പുകളില്ലെന്ന ഡി.ജി.പിയുടെ റിപ്പോർട്ടിനെ തുടർന്നാണ് നിയമ ഭേദഗതി നടത്താൻ മന്ത്രിസഭ തീരുമാനിച്ചത്.
അശ്ലീല യൂട്യൂബർ വിജയ് പി. നായർക്കെതിരെയുള്ള ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും പ്രതിഷേധത്തോടെയാണ് സൈബർ കുറ്റങ്ങൾ കൈകാര്യം ചെയ്യുന്നതിലെ വീഴ്ച ചർച്ചയായത്. പൊലീസ് ആക്ടിൽ 118 A എന്ന വകുപ്പ് കൂട്ടി ചേർത്താണ് ഭേദഗതി. വ്യാജമായ ചിത്രങ്ങളും ദൃശ്യങ്ങളും ആരോപണങ്ങളും ഉപയോഗിച്ചുള്ള അധിക്ഷേപം ഇതോടെ ജാമ്യമില്ലാ കുറ്റമാവും. അഞ്ച് വർഷം വരെ തടവും പതിനായിരം രൂപ വരെ പിഴയും ശിക്ഷ ലഭിച്ചേക്കാം. ഗസറ്റ് വിഞ്ജാപനം ഇറങ്ങുന്നതോടെ നിയമം പ്രാബല്യത്തിലാവും. നിയമ ഭേദഗതി മാധ്യമങ്ങൾക്കും കൂച്ചുവിലങ്ങാവുമെന്ന ആക്ഷേപം ശക്തമാണ്.